മുദ്ര സ്‌കീമിന്റെ ഉയർന്ന വായ്പ പരിധി 20 ലക്ഷം; ചെറുകിട സംരംഭ മേഖല മെച്ചപ്പെടുത്തുമെന്ന് ധനമന്ത്രി

മുദ്ര സ്‌കീമിന്റെ ഉയർന്ന വായ്പ പരിധി 20 ലക്ഷം; ചെറുകിട സംരംഭ മേഖല മെച്ചപ്പെടുത്തുമെന്ന് ധനമന്ത്രി

രാജ്യത്തെ സ്റ്റാർട്ടപ്പ് മേഖല ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മുദ്ര സ്കീമിന് കീഴിൽ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ലഭിക്കുന്ന വായ്പയുടെ ഉയർന്ന പരിധി 20 ലക്ഷം രൂപയായിട്ടാണ് ഉയർത്തിയത്
Updated on
1 min read

മുദ്രാ സ്കീമിന് കീഴിലുള്ള വായ്പകളുടെ ഉയർന്ന പരിധി സർക്കാർ ഇരട്ടിയാക്കി ധനമന്ത്രി നിർമല സീതാരാമൻ. ചെറുകിട സംരംഭങ്ങൾക്ക് അവർ ബുദ്ധിമുട്ടുന്ന പ്രാരംഭഘട്ടത്തിൽ ബാങ്ക് വായ്പകൾ സുഗമമാക്കുന്നതിനുള്ള ഒരു പുതിയ സംവിധാനവും ബജറ്റിൽ പ്രഖ്യാപിച്ചു. രാജ്യത്ത് നടപ്പാക്കിയ നോട്ടുനിരോധനവും ജിഎസ്ടി നയങ്ങളും മൂലം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) നേരിട്ട പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം.

രാജ്യത്തെ സ്റ്റാർട്ടപ്പ് മേഖല ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മുദ്ര സ്കീമിന് കീഴിൽ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ലഭിക്കുന്ന വായ്പയുടെ ഉയർന്ന പരിധി 20 ലക്ഷം രൂപയായിട്ടാണ് ഉയർത്തിയത്. നേരത്തേയത് പത്ത് ലക്ഷമായിരുന്നു. എംഎസ്എംഇകൾക്ക് ടേം ലോണുകൾ സുഗമമാക്കുന്നതിന്, ഒരു ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമും അവതരിപ്പിക്കും. ഇത്തരം എംഎസ്എംഇകളുടെ ക്രെഡിറ്റ് റിസ്കുകൾ കുറയ്ക്കുന്നതിനാകും ഈ പദ്ധതി.

വാണിജ്യ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കോർപ്പറേഷനുകൾ എന്നിവയിൽനിന്ന് ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകുന്നതിനായി 2015ലാണ് മുദ്ര യോജന ആരംഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 5.4 ലക്ഷം കോടി രൂപയുടെ മുദ്ര വായ്‌പകൾ സർക്കാർ അനുവദിച്ചിരുന്നു.

സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ഐഡിബിഐ) അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കൂടുതൽ എംഎസ്എംഇകൾക്ക് സേവനം നൽകുന്നതിനായി പുതിയ ശാഖകൾ തുറക്കുമെന്നും ധനമന്ത്രി പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം 24 പുതിയ ശാഖകൾ തുറക്കാനാണ് എസ്ഐഡിബിഐ ലക്ഷ്യമിടുന്നത്.

logo
The Fourth
www.thefourthnews.in