മുഹമ്മദ് സിറാജ്
മുഹമ്മദ് സിറാജ്

'എന്റെ എല്ലാം അതിലാണ്'; നഷ്ടപ്പെട്ട ബാഗ് കണ്ടെത്താന്‍ എയര്‍ വിസ്താരയോട് അഭ്യര്‍ഥിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ധാക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ താരത്തിന്റെ ബാഗ് വിമാനയാത്രയ്ക്കിടെയാണ് നഷ്ടമായത്
Updated on
1 min read

വിമാനയാത്രയ്ക്കിടെ നഷ്ടമായ ബാഗ് കണ്ടെത്താന്‍ സഹായിക്കണമെന്ന് എയര്‍ വിസ്താരയോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ധാക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ താരത്തിന്റെ ബാഗ് വിമാനയാത്രയ്ക്കിടെയാണ് നഷ്ടമായത്.

സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷവും നഷ്ടമായ ബാഗ് തിരിച്ച് കിട്ടാതെ വന്നതോടെയാണ് എയര്‍ വിസ്താരയെ ടാഗ് ചെയ്ത് മുഹമ്മദ് സിറാജ് ട്വീറ്റ് ചെയ്തത്. 'എന്റെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും ആ ബാഗിലുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ബാഗ് ഉടന്‍ ഹൈദരാബാദിലേക്ക് എത്തിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്'. മുഹമ്മദ് സിറാജ് ട്വീറ്റ് ചെയ്തു.

ബാഗ് നഷ്ടപ്പെട്ട വിവരം നേരത്തെ തന്നെ താരം ട്വീറ്റ് ചെയ്തിരുന്നു. 'ഡിസംബര്‍ 26 ന് ധാക്കയില്‍ നിന്നും മുംബൈയിലേക്ക് യുകെ182, യുകെ951 എന്നീ വിമാനങ്ങളില്‍ യാത്ര ചെയ്തിരുന്നു. മൂന്ന് ബാഗുകളുമായാണ് യാത്ര പുറപ്പെട്ടത്. എന്നാല്‍ മുംബൈയിലെത്തിയപ്പോള്‍ എന്റെ ഒരു ബാഗ് നഷ്ടപ്പെട്ടു. ബാഗ് കണ്ടെത്തി എത്തിച്ചനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും പിന്നീട് ഒരു വിവരവും ലഭിച്ചില്ല' എന്നായിരുന്നു സിറാജിന്റെ ട്വീറ്റ്.

ബാഗ് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും എത്രയും പെട്ടന്ന് ബാഗ് തിരിച്ചെത്തിക്കുമെന്നും എയര്‍ വിസ്താര

അതേസമയം നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നും ബാഗ് കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും എയര്‍ വിസ്താര മറുപടി നല്‍കി. എത്രയും പെട്ടന്ന് ബാഗ് തിരിച്ചെത്തിക്കുമെന്നും എയര്‍ വിസ്താര മറുപടി ട്വീറ്റ് ചെയ്തു.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-0 ത്തിനാണ് ജയിച്ചത്. മികച്ച പ്രകടനം കാഴ്ച വെച്ച മുഹമ്മദ് സിറാജ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ച താരമാണ്. ശ്രീലങ്കയ്‌ക്കെതിരായ ട്വിന്റി ട്വന്റി പരമ്പരയിലാണ് ഇന്ത്യന്‍ ടീം ഇനി കളിക്കുന്നത്. ജനുവരി മൂന്നിനാണ് ആദ്യ മത്സരം.

logo
The Fourth
www.thefourthnews.in