ദളിത് വിദ്യാർത്ഥികളെ കൊണ്ട് ശൗചാലയം വൃത്തിയാക്കിപ്പിച്ച പ്രധാന അധ്യാപികയ്ക്കെതിരെ കേസ്
തമിഴ്‌നാട്ടിൽ ദളിത് വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിപ്പിച്ച് ശൗചാലയം വൃത്തിയാക്കിപ്പിച്ച പ്രധാന അധ്യാപികയ്ക്കെതിരെ കേസ്. തമിഴ്‌നാട് ഈറോഡ് ജില്ലയിലെ പാലക്കരായ് ജില്ലയിലെ പഞ്ചയാത്ത് യൂണിയൻ സർക്കാർ സ്കൂളിലാണ് സംഭവം. പട്ടികജാതി വിഭാഗത്തിൽപെട്ട ആറ് വിദ്യാർത്ഥികളെ കൊണ്ടാണ് നിർബന്ധിച്ച് ശുചിമുറി വൃത്തിയാക്കിപ്പിച്ചത്.
പ്രധാന അധ്യാപിക എം എസ് ഗീതാ റാണി ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. കുട്ടികളിൽ ഒരാൾക്ക് ഡെങ്കിപ്പനി പിടിപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഡെങ്കിപ്പനി ബാധിച്ച കുട്ടിയുടെ അമ്മയായ ജയന്തി നൽകിയ പരാതിയിലാണ് പ്രധാന അധ്യാപികയ്ക്ക് എതിരെ കേസ് എടുത്തത്. ഡെങ്കിപ്പനി എങ്ങനെ വന്നുവെന്ന് ഞാൻ ചോദിച്ചപ്പോൾ, ടോയ്‌ലറ്റ് വൃത്തിയാക്കുമ്പോൾ കൊതുക് കടിച്ചിരുന്നുവെന്ന് കുട്ടി പറഞ്ഞു. അങ്ങനെയാണ് വിവരം അറിഞ്ഞതെന്ന് ജയന്തി പറഞ്ഞു. ആറ് മാസമായി കുട്ടികൾ ശൗചാലയം വൃത്തിയാക്കുന്നുണ്ടെന്നും ജയന്തി പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച, കുട്ടികൾ ടോയ്‌ലറ്റിൽ നിന്ന് വടികളും മഗ്ഗുകളുമായി വരുന്നത് ഒരു രക്ഷിതാവ് കണ്ടു. കുട്ടികളോട് ചോദിച്ചപ്പോൾ, പ്രധാന അധ്യാപിക ആവശ്യപ്പെട്ടത് ടോയ്‌ലറ്റ് വൃത്തിയാക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. 40 കുട്ടികളുള്ള ക്ലാസിൽ ഭൂരിഭാഗവും പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടികളാണ്. എന്നാൽ ഞങ്ങളുടെ കുട്ടികളോട് മാത്രമേ ഇത് ചെയ്യാൻ അവർ ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും അവർ പറഞ്ഞു.
പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ ആക്‌ട് പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയ പ്രധാന അധ്യാപികയെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.