ബിജെപിക്ക് സൗരാഷ്ട്രാ പരീക്ഷണം, കളം പിടിക്കാന്‍ കോണ്‍ഗ്രസും, എഎപിയും; ഗുജറാത്ത് വിധിയെഴുതുന്നു
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടക്കം. കച്ച്, സൗരാഷ്ട്ര എന്നീ മേഖലകളിലെ 19 ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 89 മണ്ഡലങ്ങളിലെ 2 കോടിയോളം ജനങ്ങളാണ് ഇന്ന് വിധിയെഴുതുക. ത്രികോണ മത്സരം നടക്കുന്ന സൂറത്താണ് ആദ്യഘട്ട വോട്ടെടുപ്പിലെ ശ്രദ്ധാകേന്ദ്രം. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ബിജെപിയും ശക്തമായ പ്രചരണമാണ് സംസ്ഥാനത്തുടനീളം കാഴ്ചവെച്ചത്.
1995 മുതല്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം, യഥാര്‍ത്ഥ വെല്ലുവിളി നിലവിലുള്ള സീറ്റ് നിലനിര്‍ത്തുക എന്നതാണ്
തുടര്‍ച്ചയായി ഏഴാം തവണയും ഭരണം പിടിച്ചെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 27 വര്‍ഷമായി ഗുജറാത്തില്‍ ബിജെപിയാണ് ഭരിക്കുന്നത്. 1995 മുതല്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം, യഥാര്‍ത്ഥ വെല്ലുവിളി നിലവിലുള്ള സീറ്റ് നിലനിര്‍ത്തുക എന്നതാണ്. 2002 മുതല്‍ ബിജെപിക്ക് ലഭിക്കുന്ന സീറ്റില്‍ ഇടിവ് സംഭവിച്ച് കൊണ്ടിരിക്കുകയാണ്. 137 സീറ്റ് നേടി അധികാരത്തിലെത്തിയ ബിജെപിക്ക് 2017 ലെ തിരഞ്ഞെടുപ്പില്‍ വെറും 99 സീറ്റാണ് ലഭിച്ചത്.
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയുടെ മണ്ഡലവും ആദ്യ ഘട്ടത്തിലാണുള്ളത്
ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ മോര്‍ബിയും ഉള്‍പ്പെടും. ഒക്ടോബറില്‍ തൂക്കുപാലം തകര്‍ന്ന് മോര്‍ബിയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 130 ലധികം ആളുകളാണ് മരിച്ചത്. ഇത് ഭരണകക്ഷിയായ ബിജെപിക്ക് വലിയ തിരിച്ചടിയാണുണ്ടാക്കുക. അതിനാല്‍ ഒരു ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദന്‍ ഗാധ്വി മത്സരിക്കുന്ന മണ്ഡലമായ ദേവഭൂമി ദ്വാരക ജില്ലയിലെ ഖംബലിയ മണ്ഡലവും ആദ്യ ഘട്ടത്തിലുണ്ട്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയുടെ മണ്ഡലവും ആദ്യ ഘട്ടത്തിലാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്ത 27 സീറ്റുകളില്‍ 15 എണ്ണത്തിലും കോണ്‍ഗ്രസാണ് വിജയിച്ചത്. അതിനാല്‍ ഗോത്ര മേഖലയില്‍ ശക്തി തെളിയിക്കുക എന്ന ലക്ഷ്യം കൂടി ബിജെപിക്കുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധി ഇത്തവണ ഭാരത് ജോഡോ യാത്രയിലാണ്
ഗുജറാത്തില്‍ നിലവിലുള്ള ഭരണ വിരുദ്ധ വികാരം പ്രയോജനപ്പെടുത്തി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധി ഇത്തവണ ഭാരത് ജോഡോ യാത്രയിലാണ്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ആംആദ്മി പാര്‍ട്ടി ഇത്തവണ 90 ലധികം സീറ്റുകള്‍ നേടി പഞ്ചാബിലേത് പോലെ ഭരണം പിടിച്ചെടുക്കുമെന്നാണ് പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ അവകാശപ്പെടുന്നത്.
ആംആദ്മി പാര്‍ട്ടി ജനങ്ങളുടെ ചിന്തയില്‍ പോലുമില്ല
അമിത് ഷാ
സൗജന്യ വൈദ്യുതി, വിദ്യാഭ്യാസം , ചികിത്സ എന്നിവയാണ് ആംആദ്മി പാര്‍ട്ടി ഗുജറാത്തില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍. ആംആദ്മിയുടെ സാന്നിധ്യം ബിജെപിക്ക് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ആംആദമി പാര്‍ട്ടി ജനങ്ങളുടെ ചിന്തയില്‍ പോലുമില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം അമിത് ഷാ ഒരു പരിപാടിക്കിടെ പറഞ്ഞത്. വോട്ടെടുപ്പിന് ശേഷം ബാലറ്റ് പെട്ടികള്‍ കേന്ദ്ര സേനയുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഡിസംബര്‍ 5 നായിരിക്കും നടക്കുക. ഡിസംബര്‍ 8 നാണ് വോട്ടെണ്ണല്‍.