ബിപോര്‍ജോയ് തീവ്ര ചുഴലിയായി മാറി; കേരളത്തിൽ ജൂണ്‍ 11 വരെ ശക്തമായ മഴയ്ക്ക് സാധ്യത
അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിയായി ശക്തിപ്രാപിച്ചു. അടുത്ത 24 മണിക്കൂറിനകം അതിതീവ്ര ചുഴലിയായി കാറ്റ് മാറും. വടക്ക് - കിഴക്ക് ദിശയിലാണ് ഇപ്പോൾ കാറ്റിന്റെ സഞ്ചാരം. കറാച്ചി തീരത്തേക്കോ ഒമാൻ തീരത്തേക്കോ നീങ്ങി അതിതീവ്ര ചുഴലി സ്വഭാവം കൈവരിക്കാനാണ് സാധ്യത. മൂന്ന് ദിവസം വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിൽ കാറ്റ് സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നൽ, കാറ്റ് എന്നിവയോടുകൂടിയ മഴക്കും ജൂൺ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യത പ്രവചിക്കപ്പെടുന്നു. മണിക്കൂറിൽ 135-145 വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധന വിലക്കുണ്ട്.
ബിപോർജോയ് എന്നാണ് ചുഴലിക്കാറ്റിന് പേര് നല്‍കിയിരിക്കുന്നത്. ദുരന്തം എന്നാണ് ബിപോർജോയ് എന്നതിന്റെ അര്‍ഥം. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് പേര് നല്‍കിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോക്ക ചുഴലിക്കാറ്റിന് ശേഷം ഇന്ത്യന്‍ തീരത്തിന് സമീപം ഈ വര്‍ഷം രൂപം കൊള്ളുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ബിപോർജോയ്.