മാൻദൗസ് ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ അഞ്ച് മരണം; മഴയും കാറ്റും തുടരുന്നു
മാൻദൗസ് ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടില്‍ അഞ്ച് പേർക്ക് ജീവഹാനി. ചെന്നൈയിൽ മൂന്ന് പേരും കാഞ്ചീപുരത്ത് രണ്ടു പേരുമാണ് മരിച്ചത്. കനത്ത മഴയിലും കാറ്റിലും ഇതുവരെ തമിഴ്‌നാട്ടിൽ 151 വീടുകൾ തകർന്നു. തമിഴ്‌നാടിന്റെ തീരദേശ മേഖലയിലാണ് മാൻദൗസ് കനത്ത നാശം വിതച്ചത്. 205 ദുരിതാശ്വാസ ക്യാംപുകളിലായി പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചെന്ന് സർക്കാർ അറിയിച്ചു
ചെന്നൈ സെയ്താപേട്ടിൽ മതിൽ തകർന്നു സ്ത്രീ മരിച്ചു. ഇവരുടെ വീടിന് മുകളിലേയ്ക്ക് സമീപത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. പരുക്കേറ്റ ഇവരുടെ ഭർത്താവിനെയും രണ്ടു മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ മടിപ്പാക്കത്ത് രണ്ടുപേർ ഷോക്കേറ്റു മരിച്ചു. കാറ്റിൽ നിലംപൊത്തിയ വൈദ്യുതലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. കാഞ്ചീപുരത്തും പൊട്ടിവീണ വൈദ്യതിലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു . ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടില്‍ 151 വീടുകൾ തകർന്നുവെന്നും 98 കന്നുകാലികൾ ചത്തുവെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.
തമിഴ്‌നാട്ടിലെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്
ചെന്നൈ കാശിമേട് കടപ്പുറത്ത് നിരവധി ബോട്ടുകൾ തകർന്നു. മാൻദൗസ് കരതൊട്ട മഹാബലിപുരത്തിന് സമീപത്തെ കോവളത്തും കൽപ്പാക്കത്തുമെല്ലാം വൻനാശനഷ്ടമുണ്ടായി. നിരവധി വീടുകൾക്കും ബോട്ടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ചെന്നൈയിൽ സബ് സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വൈദ്യുതി ബന്ധം താറുമാറായി . 15 സബ് സ്റ്റേഷനുകലുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തി. ടിനഗറിൽ മരം വീണ് മൂന്ന് കാറുകൾ പൂർണമായും തകർന്നു . തമിഴ്‌നാട്ടിലെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.
വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് തമിഴ്‌നാട്ടിലെ മഹാബലിപുരത്തിന് സമീപം, പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്‌ക്കും ഇടയിൽ ചുഴലിക്കാറ്റ് തീരംതൊട്ടത്. പുലർച്ചെ 1.30 ഓടെ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ ശക്തിപ്രാപിക്കുകയായിരുന്നു.