മാന്‍ദൗസ് ചുഴലികാറ്റ് ഇന്ന് കരതൊടും; ചെന്നൈ നഗരത്തില്‍ ശക്തമായ മഴ,
സ്‌കൂളുകൾ അടച്ചു

മാന്‍ദൗസ് ചുഴലികാറ്റ് ഇന്ന് കരതൊടും; ചെന്നൈ നഗരത്തില്‍ ശക്തമായ മഴ, സ്‌കൂളുകൾ അടച്ചു

കേരളത്തില്‍ ഡിസംബര്‍ 9,10 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാദ്ധ്യതയുണ്ട്
Updated on
1 min read

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ഇന്ന് അർദ്ധരാത്രിയോടെ ചുഴലിക്കാറ്റ് തീരംതൊടും. ശ്രീഹരിക്കോട്ടയ്ക്കും പുതുച്ചേരിക്കും ഇടയിലൂടെ കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് കര തൊടുമ്പോള്‍ മണിക്കൂറില്‍ പരമാവധി 85 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്ന് നിഗമനം. ചെന്നൈയിലും പുതുച്ചേരിയിലും ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ചെന്നൈയില്‍ ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ചെങ്കല്‍പേട്ട്, വില്ലുപുരം, കാഞ്ചീപുരം, പുതുച്ചേരി എന്നിവയുള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, വെല്ലൂർ, റാണിപ്പേട്ട്, കാഞ്ചീപുരം തുടങ്ങി 12 ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തില്‍ ഡിസംബര്‍ 9,10 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാദ്ധ്യതയുണ്ട്. എന്നാല്‍ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും പിന്നീട് ക്രമേണ ദുർബലമാവുകയും ഡിസംബർ 9 അർദ്ധരാത്രി തീരം കടക്കുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

logo
The Fourth
www.thefourthnews.in