മാന്‍ദൗസ് ആഞ്ഞടിച്ചു; ചെന്നൈയില്‍ മരങ്ങള്‍ കടപുഴകി വീണു, വെള്ളക്കെട്ട് രൂക്ഷം; കാറ്റിന്റെ ശക്തി കുറയുന്നു

മാന്‍ദൗസ് ആഞ്ഞടിച്ചു; ചെന്നൈയില്‍ മരങ്ങള്‍ കടപുഴകി വീണു, വെള്ളക്കെട്ട് രൂക്ഷം; കാറ്റിന്റെ ശക്തി കുറയുന്നു

കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം
Updated on
1 min read

തമിഴ്നാട് തീരംതൊട്ട മാന്‍ദൗസ് ചുഴലിക്കാറ്റില്‍ ചെന്നൈയിലും സമീപപ്രദേശങ്ങളിലും വന്‍ നാശനഷ്ടം. ചെന്നൈയിൽ പല ഭാഗങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും തുടരുകയാണ്. 75 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റിലും കനത്തമഴയിലും ചെന്നൈയിലും ചെങ്കല്‍പ്പേട്ടിലും മരങ്ങള്‍ കടപുഴകി വീണു. നഗരത്തിലെ മിക്കയിടത്തും വെള്ളക്കെട്ട് തുടരുകയാണ്. മരങ്ങളും മറ്റ് തടസങ്ങളും പ്രധാനറോഡുകളിലെല്ലാം ഗതാഗത തടസം സൃഷ്ടിച്ചു. തടസങ്ങളല്ലാം നീക്കാനുള്ള ശ്രമം തുടരുകയാണൈന്ന് ചെന്നൈ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. പൊളിഞ്ഞുവീണ പരസ്യബോര്‍ഡുകളും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. തീരമേഖലയില്‍ വീടുകള്‍ക്കും കടകള്‍ക്കും ബോട്ടുകള്‍ക്കും കേടുപാടുകള്‍ പറ്റി.

വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് തമിഴ്‌നാട്ടിലെ മഹാബലിപുരത്തിന് സമീപം, പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്‌ക്കും ഇടയിൽ ചുഴലിക്കാറ്റ് തീരംതൊട്ടത്. പുലർച്ചെ 1.30 ഓടെ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ ശക്തിപ്രാപിക്കുകയായിരുന്നു. പുലർച്ചെ 5.30 വരെ ചെന്നൈയിൽ 115.1 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തി.

തീവ്ര ചുഴലിക്കാറ്റായാണ് ഇന്നലെ മാന്‍ദൗസിനെ കണക്കാക്കിയിരുന്നതെങ്കില്‍ ഇന്ന് ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 89 മുതല്‍ 117 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിക്കാനുള്ള സാധ്യതയാണ് ഇന്നലെ പ്രവചിച്ചിരുന്നത്. കാറ്റിന്റെ ദിശ വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നതിനാല്‍ മേഖലയില്‍ 55 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാനാണ് സാധ്യത. വൈകിട്ടോടെ കാറ്റിന്റെ ശക്തി മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്ററായി കുറയും.

മോശം കാലാവസ്ഥയെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ 13 ആഭ്യന്തര സര്‍വീസുകളും മൂന്ന് അന്താരാഷ്ട്ര സര്‍വീസുകളും റദ്ദാക്കി. തീവ്രത കുറഞ്ഞെങ്കിലും ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം, വില്ലുപുരം എന്നിവിടങ്ങളില്‍ റെഡ് അലർട്ട് തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പൂര്‍ണസജ്ജമാണ്.

logo
The Fourth
www.thefourthnews.in