അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ 'റിമാല്‍' കരതൊടും; ബംഗാള്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റിമാല്‍ ചുഴലിക്കാറ്റ് അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ കരതൊടും. പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും ഇടയില്‍ രാത്രി 11 മണിയോടെയാകും റിമാല്‍ ആഞ്ഞടിക്കുക. ഇന്ത്യന്‍ തീരത്ത് പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപുകള്‍, നാംഖാന, ഭാഖലി എന്നിവിടങ്ങളിലാണ് ആദ്യം റിമാല്‍ ആഞ്ഞ് വീശുമെന്ന് പ്രതീക്ഷിക്കുന്നത്. ഇവിടെ മണിക്കൂറില്‍ 110 മുതല്‍ 120 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചേയ്ക്കും.
റിമാലിന്റെ പശ്ചാത്തലത്തില്‍ വടക്ക് കിഴക്കന്‍ മേഖലയിലെ ഏഴ് സംസ്ഥാനങ്ങളിലും കനത്ത മഴയും ശക്തിയേറിയ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്ന് ബംഗാളിലെ കൊല്‍ക്കത്ത, ഹൗറ, നാദിയ, പൂര്‍വ മേദിനിപ്പൂര്‍, ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശവും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ വ്യോമയാണ് മന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് ഉച്ചയോടെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. 88 അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ 394 വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടോടെയാണ് റിമാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയത്. അറബി ഭാഷയില്‍ 'മണല്‍' എന്നാണ് റിമാലിന്റെ അര്‍ഥം. ഒമാനാണ് ചുഴലിക്ക് ഈ പേരിട്ടത്. രാത്രി 11 ഓടെ കരതൊടുന്ന റിമാലിന്റെ പ്രഭാവത്തില്‍ പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.