സൈറസ് മിസ്ത്രി
സൈറസ് മിസ്ത്രി

'9 മിനിറ്റില്‍ 20 കിലോമീറ്റര്‍; സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല'; മിസ്ത്രി കൊല്ലപ്പെട്ട റോഡപകടത്തെ കുറിച്ച് പോലീസ്

ഞായറാഴ്ച ഉച്ചയ്ക്ക് 2.21 നാണ് വാഹനം ചെക്ക്പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുള്ളത്. 2.30 ഓടെയാണ് അപകടമുണ്ടായത്.
Updated on
1 min read

പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി കൊല്ലപ്പെടാനിടയാക്കിയ അപകടത്തിന് മുന്‍പ് ഇവരുടെ കാര്‍ അമിത വേഗതയിലായിരുന്നു എന്ന് റിപ്പോര്‍ട്ട്. ഇതിന് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മിസ്ത്രിയുള്‍പ്പെടെ നാല് പേര്‍ സഞ്ചരിച്ച ആഡംബര കാര്‍ അമിത വേഗതയിലായിരുന്നു എന്ന് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍വെച്ചായിരുന്നു അപകടം.

കാറിന്റെ പിന്‍ഭാഗത്തെ എയര്‍ ബാഗ് പ്രവര്‍ത്തിച്ചില്ലെന്നും പോലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പാല്‍ഘറിലെ ചരോട്ടി ചെക്ക്പോസ്റ്റ് കടന്ന് 9 മിനിറ്റുകൊണ്ടാണ് അപകടം നടന്ന സൂര്യ നദിയിലെ പാലത്തിന് മുകളില്‍ വാഹനം എത്തിയത്. ഇതിനിടയിലെ ദുരമാണ് 20 കിലോമീറ്റര്‍. ഉച്ചയ്ക്ക് 2.21 നാണ് വാഹനം ചെക്ക്പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുള്ളത്. 2.30 ഓടെയാണ് അപകടമുണ്ടായത്. മിസ്ത്രി സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ടാണ് കാര്‍ അപകടത്തില്‍ പെട്ടത് എന്നാണ് വിലയിരുത്തല്‍. വാഹനം ഓടിച്ചിരുന്ന അനാഹിത പണ്ടോളെയുടെ പിഴവും അപകടത്തിന് കാരണമായതായും പോലീസ് പറയുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മിസ്ത്രിയുടെ മരണത്തിന് കാരണമായത് എന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകട സമയത്ത് സൈറസ് മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും കാറിന്റെ പിന്‍ഭാഗത്തെ എയര്‍ ബാഗ് പ്രവര്‍ത്തിച്ചില്ലെന്നും പോലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മിസ്ത്രിക്ക് പുറമെ കാറിലുണ്ടായിരുന്ന ജഹാംഗീര്‍ പണ്ടോളെയാണ് അപകടത്തില്‍ മരിച്ച രണ്ടാമന്‍. മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. അനഹിത പണ്ടോളെ, അവരുടെ ഭര്‍ത്താവ് ഡാരിയസ് പണ്ടോളെ, ഇയാളുടെ സഹോദരന്‍ ജെഹാംഗീര്‍ പണ്ടോളെ ബെന്‍സ് കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍. ഇവര്‍ സഞ്ചരിച്ച ബെന്‍സ് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു.

ഗുജറാത്തിലെ ഉദ്വാദയിലുള്ള പാഴ്സി ക്ഷേത്രമായ അതാഷ് ബെഹ്റാം അഗ്‌നി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.

രത്തന്‍ ടാറ്റ വിരമിച്ചതിനു പിന്നാലെ, 2012 ഡിസംബറിലാണ് മിസ്ത്രി ടാറ്റ സണ്‍സ് ചെയര്‍മാനായി ചുമതലയേറ്റത്. എന്നാല്‍, 2016 ഒക്ടോബറില്‍ സ്ഥാനത്തുനിന്ന് നീക്കി. പിന്നീട് എന്‍ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റു.

logo
The Fourth
www.thefourthnews.in