സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. വിജയവാഡയില്‍ ചേരുന്ന 24-ാമത് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലാണ് തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി രാജയുടെ പേര് അംഗീകരിച്ചു. 2019 ജൂലൈയിലാണ് ഡി രാജ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. അനാരോഗ്യത്തെ തുടര്‍ന്ന് സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത് .
കെ പ്രകാശ് ബാബുവും പി സന്തോഷ് കുമാറും സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ഏഴ് പുതുമുഖങ്ങളാണ് ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യു തോമസ്, പി പി സുനീര്‍ എന്നിവരാണ് ദേശീയ കൗണ്‍സിലില്‍ എത്തുന്നത്. സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമാകും. മന്ത്രി ജെ ചിഞ്ചുറാണി നേരത്തെ കൗണ്‍സില്‍ അംഗമാണ്. ഇതോടെ, കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലിലുള്ളവരുടെ എണ്ണം 11ല്‍ നിന്നും 13 ആയി ഉയര്‍ന്നു.
അതിനിടെ, ദേശീയതലത്തില്‍ കോൺഗ്രസുമായി സഖ്യം വേണമെന്ന ആവശ്യം സിപിഐ പാർട്ടി കോൺഗ്രസ് തള്ളി. ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസുമായി സഖ്യം വേണമെന്ന കേരളം, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാന ഘടകങ്ങളുടെ ആവശ്യമാണ് രാഷ്ട്രീയ പ്രമേയത്തില്‍ തള്ളിയത്. കോൺഗ്രസുമായി 'ആവശ്യമെങ്കിൽ സഹകരണം' എന്ന നയം തുടരാനാണ് തീരുമാനം. ദേശീയതലത്തിലെ സഖ്യത്തിന്റെ കാര്യത്തില്‍ സിപിഎമ്മിനെ പോലെ അവ്യക്ത നിലപാട് പാടില്ലെന്നും വ്യക്തത ആവശ്യമാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ സംസ്ഥാന ഘടകങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.