അനുഗ്രഹം തേടിയ ബാലന്റെ ചുണ്ടിൽ ചുംബിച്ച സംഭവം: മാപ്പ് പറഞ്ഞ് ദലൈലാമ
അനുഗ്രഹം തേടിയെത്തിയ ബാലന്റെ ചുണ്ടിൽ ചുംബിച്ച സംഭവം വിവാദമായതിന് പിന്നാലെ, കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. തന്റെ പ്രവൃത്തികൊണ്ട് വേദനയുണ്ടായ കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നതായി ദലൈലാമ പ്രതികരിച്ചു. ദലൈലാമക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഖേദ പ്രകടനം നടത്തിയത്. കുട്ടിയുടെ ചുണ്ടിൽ ഉമ്മവച്ച ശേഷം തന്റെ ‘എന്റെ നാവിൽ നക്കാൻ കഴിയുമോ? എന്ന ചോദിക്കുകയായിരുന്നു. ദൃശ്യങ്ങൾ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ തന്റെ അരികിലെത്തുന്ന ആളുകളോട് നിഷ്കളങ്കവും രസകരവുമായ രീതിയിൽ പെരുമാറാറുണ്ടെന്നും എന്നാൽ ഇത് വേദനയുണ്ടാക്കിയതിൽ ഖേദിക്കുന്നതായും ദലൈലാമയുടെ ഓഫീസ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ആ കുട്ടിയോടും കുടുംബത്തോടും ലോകമെമ്പാടുമുള്ള നിരവധി സുഹൃത്തുക്കളോടും തന്റെ വാക്കുകൾ കൊണ്ടുണ്ടായ വേദനയ്ക്ക് അദ്ദേഹം ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. സംഭവത്തിൽ അദ്ദേഹം ഖേദിക്കുന്നു. എന്നും പ്രസ്താവന വ്യക്തമാക്കി.
കുട്ടിയ്ക്കൊപ്പമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇത് ദലൈലാമ തന്നെയാണോ എന്നുള്‍പ്പെടെയുള്ള ചോദ്യവുമായി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. തീർത്തും അറപ്പ് ഉണ്ടാക്കുന്ന പ്രവൃത്തിയെന്നും, സംഭവത്തിൽ ദലൈലാമക്കെതിരെ പീഡോഫീലിയയ്‌ക്ക് കേസെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
അതേസമയം, ഇതാദ്യമായല്ല ദലൈലാമ വിവാദങ്ങളിൽ അകപ്പെടുന്നത്. തന്റെ പിൻഗാമി ഒരു സ്ത്രീയാണെങ്കിൽ അവൾ കൂടുതൽ ആകർഷകയായിരിക്കണമെന്ന് 2019 ൽ അദ്ദേഹം നടത്തിയ പരാമർശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് അദ്ദേഹം മാപ്പ് പറഞ്ഞെങ്കിലും പരാമർശത്തിൽ പ്രതിഷേധം ശക്തമായിരുന്നു.