ലൈംഗിക പീഡനക്കേസ് പിൻവലിച്ചില്ല; മധ്യപ്രദേശിൽ ദളിത് യുവാവിനെ തല്ലിക്കൊന്നു, അമ്മയെ വിവസ്ത്രയാക്കി
മധ്യപ്രദേശിൽ ലൈംഗിക പീഡനക്കേസ് പിൻവലിക്കാൻ വിസമ്മതിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. സഹോദരി നൽകിയ ലൈംഗിക പീഡനക്കേസ് പിൻവലിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് 18 കാരനായ നിതിൻ അഹിർവാറിനെ പ്രതികൾ മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, സംഭവത്തിൽ പങ്കുള്ള വില്ലേജ് ഓഫീസറുടെ ഭർത്താവ് ഉൾപ്പെടെയുള്ളവർ ഇപ്പോഴും ഒളിവിലാണ്. അവർക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ഒന്‍പത് പേർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായും നാലോളം പേർക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു
2019 ൽ നിതിന്റെ സഹോദരി നൽകിയ പീഡന പരാതി പിൻവലിക്കാൻ പ്രതികൾ സമ്മർദം ചെലുത്തിയിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിലെ മുഖ്യ പ്രതിയായ വിക്രം സിങ് താക്കൂർ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവിടെനിന്നും തിരിച്ചുപോകുമ്പോൾ, ബസ് സ്റ്റാൻഡിന് അടുത്തുവച്ച് ഇവർ നിതിനെ കാണുകയും മർദിക്കുകയും ചെയ്തതായി സഹോദരി മൊഴിനൽകിയിരുന്നു. തർക്കത്തില്‍ ഇടപെട്ട നിതിന്റെ അമ്മയെ പ്രതികൾ നഗ്നയാക്കിയശേഷം നിതിനെ കൊലപ്പെടുത്തുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഒന്‍പത് പേർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായും നാലോളം പേർക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
പ്രധാന പ്രതികൾ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ സെക്ഷൻ 307 പ്രകാരം കേസെടുത്തതായി അഡീഷണൽ എസ്പി സഞ്ജീവ് ഊക് പറഞ്ഞു. നിതിൻ മരിച്ചതിന് പിന്നാലെ, പട്ടികജാതി പട്ടികവർഗ സംരക്ഷണ നിയമവും സെക്ഷൻ 302 ഉം പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി. എന്നാൽ, വിഷയത്തിൽ പ്രതിഷേധിച്ചും ബിജെപിക്കെതിരെയും രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. "മധ്യപ്രദേശിലെ സാഗർ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഗുരു രവിദാസ് ജിയുടെ സ്മാരകത്തിന് തറക്കല്ലിട്ടു. അതേ പ്രദേശത്ത്, അദ്ദേഹത്തിന്റെ ഭക്തർക്കെതിരെയുള്ള അതിക്രമങ്ങൾ അതിരുകടന്നിരിക്കുന്നു." ഇത് ബിജെപിയുടെയും സർക്കാരിന്റെയും ഇരട്ടത്താപ്പാണ് സൂചിപ്പിക്കുന്നതെന്ന് ബിഎസ്പി നേതാവ് മായാവതി പോസ്റ്റ് ചെയ്തു. ദളിത് യുവാവിന്റെ കൊലപാതകത്തിൽ അപലപിച്ച് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും ബിജെപിയെ കടന്നാക്രമിച്ചു. ബിജെപി മധ്യപ്രദേശിനെ ദളിത് വിവേചനത്തിന്റെ പരീക്ഷണശാലയാക്കി മാറ്റിയെന്ന് ഖാർഗെയും എക്സില്‍ കുറിച്ചു.