തന്റെ പാത്രത്തിൽ വെള്ളം കുടിച്ചതിന് അധ്യാപകന്റെ ക്രൂര മർദനം; രാജസ്ഥാനിൽ ദളിത് ബാലന് ദാരുണാന്ത്യം; കൊലക്കുറ്റത്തിന് കേസ്

തന്റെ പാത്രത്തിൽ വെള്ളം കുടിച്ചതിന് അധ്യാപകന്റെ ക്രൂര മർദനം; രാജസ്ഥാനിൽ ദളിത് ബാലന് ദാരുണാന്ത്യം; കൊലക്കുറ്റത്തിന് കേസ്

മർദനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന ഒൻപത് വയസുകാരൻ ജൂലൈ 20 മുതൽ ചികിത്സയിലായിരുന്നു
Updated on
1 min read

രാജസ്ഥാനിലെ ജാലോര്‍ ജില്ലയില്‍ അധ്യാപകന്റെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ദളിത് ബാലന്‍ മരിച്ചു. തന്റെ പാത്രത്തില്‍ വെള്ളം കുടിച്ചതിനാണ് മേല്‍ ജാതിക്കാരനായ അധ്യാപകന്‍ കുട്ടിയെ അതിക്രൂരമായി മര്‍ദിച്ചത്. ജാലോറിലെ സരസ്വതി വിദ്യാ മന്ദിര്‍ സ്‌കൂളില്‍ ജൂലൈ 20നാണ് സംഭവം നടന്നത്. ഒൻപത് വയസുകാനായ ഇന്ദ്ര കുമാറാണ് മരിച്ചത് . സരസ്വതി വിദ്യാമന്ദിറിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു ഇന്ദ്ര കുമാർ. പ്രതിയായ ചെയില്‍ സിങിനെ ജാലോര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പും എസ്‌സി-എസ്ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

കുട്ടിയെ ക്രൂരമായി മര്‍ദിച്ചതായി പ്രതി സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മര്‍ദനമേറ്റ് അവശനായ കുട്ടിയെ ആദ്യം ജാലോര്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഉദയ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ഒരാഴ്ചയോളം ഉദയ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ പിന്നീട് അഹമ്മദാബാദിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ നില മെച്ചപ്പെട്ടില്ല. ശനിയാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ വെച്ച് മരണം സംഭവിച്ചു.

കുട്ടിക്ക് കണ്ണിലും ചെവിയിലും മാരക പരിക്കുകളുണ്ടായിരുന്നെന്നും ആക്രമണത്തിന് ശേഷം കുട്ടി ബോധരഹിതനായിരുന്നുവെന്നും കുട്ടിയുടെ അച്ഛന്‍ ദേവറാം മേഘ്‌വാള്‍ പറഞ്ഞു. പ്രത്യേക കേസായി പരിഗണിച്ച് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് സംസ്ഥാന പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ഖിലാദി ലാല്‍ ബൈര്‍വ പറഞ്ഞു.

സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിദ്യാര്‍ഥിയുടെ കുടുംബത്തിന് പരമാവധി വേഗത്തില്‍ നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയില്‍ നിന്ന് കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വിദ്യാഭ്യാസ വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in