ഫീസടക്കാൻ നിമിഷങ്ങൾ വൈകി; ദളിത് വിദ്യാർഥിക്ക് സീറ്റ് നിഷേധിച്ച് ഐഐടി ധൻബാദ്, നീതി തേടി കുടുംബം സുപ്രീം കോടതിയിൽ
ഫീസടക്കാൻ മിനിറ്റുകൾ വൈകിയതിനെത്തുടർന്ന് ദളിത് വിദ്യാർഥിക്ക് സീറ്റ് നിഷേധിച്ച് ഐഐടി ധൻബാദ്. ഫീസ് അടക്കാനുള്ള സമയം കഴിഞ്ഞതോടെയാണ് വിദ്യാർത്ഥിക്ക് സീറ്റ് നഷ്ടപ്പെട്ടു എന്ന് സന്ദേശം ലഭിച്ചത്. ജെഇഇ അഡ്വാൻസ് നേടിയ ദളിത് വിദ്യാർഥിയായ അതുൽ കുമാറിന് ദൻബാദ് ഐഐടിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലാണ് സീറ്റ് ലഭിച്ചിരുന്നത്. അലോട്ട്മെന്റ് ലഭിച്ച് നാല് ദിവസത്തിനുള്ളിൽ സ്വീകാര്യത ഫീസ് ആയ 17500 രൂപ അടക്കാൻ നിർദേശം നൽകിയെങ്കിലും ദിവസവേതന തൊഴിലാളിയായ അതുലിന്റെ പിതാവിനും കുടുംബത്തിനും പണം കൃത്യസമയത്ത് കണ്ടെത്താൻ സാധിക്കാതെ വരികയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിൽ ഫീസ് അടയ്ക്കാൻ സാധിക്കാത്തതിനാൽ സീറ്റ് നിഷേധിച്ച വിഷയത്തിൽ അതുൽകുമാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ടിറ്റോറ ഗ്രാമത്തിലാണ് അതുലും കുടുംബം താമസിക്കുന്നത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബത്തിൽ അതുലിന്റെ പിതാവ് ദിവസവേതനക്കാരനാണ്. അച്ഛൻ രാജേന്ദ്ര സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചാണ് അതുലിന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തന്റെ രണ്ടാം ശ്രമത്തിലാണ് അതുൽകുമാർ ജെഇഇ അഡ്വാൻസ്ഡ് പാസായത്. ഐഐടി ധന്‌ബാദിൽ സീറ്റ് അനുവദിച്ച് നാല് ദിവസത്തിനുള്ളിൽ അതായത് ജൂൺ 24 വൈകുന്നേരം 5 മണിക്ക് മുൻപ് പണം അടക്കണമെന്ന് പറഞ്ഞതോടെയാണ് അതുലിന്റെ ദരിദ്രകുടുംബം പ്രതിസന്ധിയിലായത്.
സ്വീകാര്യത ഫീസ് അടക്കാനായി അതുലിന്റെ അച്ഛനും സഹോദരങ്ങളും ശ്രമിച്ചെങ്കിലും ജൂൺ 24 ന് വൈകുന്നേരം 4.45 നാണ് അതുലിൻ്റെ സഹോദരൻ്റെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിയത്. അതുൽ അഡ്മിഷൻ വെബ്‌സൈറ്റിൽ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടക്കാൻ തുടങ്ങിയപ്പോഴേക്കും സമയം വൈകുന്നേരം 5 മണി കഴിഞ്ഞിരുന്നു. പോർട്ടൽ ഫീസ് നിക്ഷേപം സ്വീകരിക്കില്ലെന്നും, അനുവദിച്ച സീറ്റ് റദ്ദാക്കിയെന്നും അറിയിക്കുകയായിരുന്നു.
സീറ്റ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് അതുൽകുമാർ ദേശീയ പട്ടികജാതി കമ്മീഷനെ സമീപിച്ചെങ്കിലും ഒന്നും ചെയ്യാൻ പറ്റില്ലെന്ന് അറിയിച്ചു. ഝാർഖണ്ഡിലെ ഒരു കേന്ദ്രത്തിലാണ് ജെഇഇ എടുത്തത് എന്നതിനാൽ, ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ ജാർഖണ്ഡ് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ സഹായം തേടി. എന്നാൽ പരീക്ഷ നടത്തിയത് ഐഐടി മദ്രാസ് ആയതിനാൽ വിഷയം മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. മദ്രാസ് ഹൈക്കോടതിയാണ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ നിർദേശം നൽകിയത്.
തന്റെ കുടുംബത്തെ ദാരിദ്യത്തിൽ നിന്ന് കരകയറ്റാനുള്ള അവസാന ശ്രമത്തിലാണ് ഞാൻ. തന്റെ രണ്ടാമത്തെയും അവസാനത്തെയും ശ്രമത്തിലാണ് ജെഇഇ അഡ്വാൻസ് വിജയിച്ചതെന്നും, സുപ്രീം കോടതി ഇടപെട്ടില്ലെങ്കിൽ തനിക്ക് മറ്റൊരു മാർഗവും ഇല്ലെന്നും അതുൽ കോടതിയെ അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിയാണിക്കുന്നത്.
സീറ്റിന് അർഹനായ അതുൽകുമാർ കടന്നു പോയ വിഷമതകൾ മനസിലാക്കിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , സംഭവത്തിൽ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ എല്ലാം ചെയ്യുമെന്ന് അതുൽകുമാറിനെ അറിയിച്ചു. "ഞങ്ങൾ നിങ്ങളെ കഴിയുന്നിടത്തോളം സഹായിക്കും. എന്നാൽ ഫീസ് നിക്ഷേപത്തിൻ്റെ സമയപരിധി ജൂൺ 24 ന് അവസാനിക്കുമായിരുന്നിട്ടും കഴിഞ്ഞ മൂന്ന് മാസമായി നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു? " സുപ്രീം കോടതി ചോദിച്ചു. തുടർന്ന് ജൂൺ 24 വൈകുന്നേരം 5 മണിക്ക് 17,500 രൂപ ക്രമീകരിക്കുക എന്ന കഠിനമായ ദൗത്യം പൂർത്തിയാക്കാൻ കുട്ടിയും സഹോദരനും മാതാപിതാക്കളും കടന്നുപോയ വിഷമഘട്ടങ്ങൾ കുട്ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഈ വർഷത്തെ പരീക്ഷ നടത്തിയ ജോയിൻ്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി, ഐഐടി അഡ്മിഷൻ, ഐഐടി മദ്രാസ് എന്നിവയിൽ നിന്ന് സുപ്രീം കോടതി പ്രതികരണം തേടി.