ദളിത് ബാലൻ വിഗ്രഹത്തിൽ തൊട്ടു, 60,000 രൂപ പിഴയിട്ട് പഞ്ചായത്ത്; ഇനി അംബേദ്ക്കറിനെ മാത്രമെ ആരാധിക്കുവെന്ന് കുടുംബം
കര്‍ണാടകയില്‍ ദൈവവിഗ്രഹത്തില്‍ സ്പര്‍ശിച്ചതിന് ദളിത് ബാലന്റെ കുടുംബത്തിന് നാട്ടുകാര്‍ 60,000 രൂപ പിഴ ചുമത്തി. കോലാര്‍ ജില്ലയിലെ ഉള്ളേരഹള്ളിയിലാണ് സംഭവം. കഴിഞ്ഞയാഴ്ച നടന്ന വിഗ്രഹ ഘോഷയാത്രയില്‍ വെച്ച് ദളിത് ബാലന്‍ വിഗ്രഹത്തില്‍ തൊട്ടുവെന്നാണ് ആരോപണം. വിഗ്രഹം അശുദ്ധമായെന്നും ശുദ്ധിയാക്കാനുള്ള തുകയാണ് പിഴയായി ഈടാക്കുന്നതെന്നും പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നു. അതേസമയം, നടപടി നേരിട്ട തങ്ങള്‍ ഇനി മുതല്‍ അംബേദ്ക്കറിനെ മാത്രമേ ആരാധിക്കുകയുള്ളൂവെന്ന് കുടുംബം പറഞ്ഞു.
വീട്ടിലെ മറ്റ് ദൈവങ്ങളെയെല്ലാം ഒഴിവാക്കി അംബേദ്ക്കറിന്റെ ചിത്രം സ്ഥാപിക്കുന്ന കുടുംബത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കൂലിപ്പണിക്കാരായ തങ്ങള്‍ക്ക് ഇത്രയും വലിയ പിഴ ഒടുക്കാന്‍ സാധിക്കില്ല എന്ന് കുട്ടിയുടെ അമ്മ പറഞ്ഞെങ്കിലും പിഴ അടച്ചില്ലെങ്കില്‍ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുമെന്ന തീരുമാനത്തില്‍ നാട്ടുകാര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെ മറ്റ് ദൈവങ്ങളെയെല്ലാം ഒഴിവാക്കി അംബേദ്ക്കറിന്റെ ചിത്രം സ്ഥാപിക്കുന്ന കുടുംബത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവം വിവാദമായതോടെ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോലാര്‍ പോലീസ് സ്വമേധയാ കേസെടുത്തു. പൗരാവകാശ സംരക്ഷണ നിയമപ്രകാരമാണ് കേസ്.
സംഭവം വിവാദമായതോടെ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോലാര്‍ പോലീസ് സ്വമേധയാ കേസെടുത്തു
സിദിരണ്ണയുടെ വിഗ്രഹത്തില്‍ ഘടിപ്പിച്ച തൂണിലാണ് പതിനഞ്ചുകാരനായ ദളിത് ബാലന്‍ തൊട്ടത്. രമേശ്-ശോഭമ്മ ദമ്പതികളുടെ മകനാണ് പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി. ഗ്രാമത്തില്‍ ഏകദേശം 80-ഓളം കുടുംബങ്ങളുണ്ട്. ഇതില്‍ ഭൂരിപക്ഷം കര്‍ണാടകയിലെ 'ഉയര്‍ന്ന ജാതി' യായി കണക്കാക്കപ്പെടുന്ന വോക്കലിഗ വര്‍ഗ്ഗക്കാരാണ്. ശോഭമ്മയുടേതടക്കമുള്ള ബാക്കി പത്ത് കുടുംബങ്ങള്‍ പട്ടികവര്‍ഗ്ഗക്കാരാണ്. ഇവര്‍ ഗ്രാമത്തിന്റെ അതിര്‍ത്തികളിലാണ് ജീവിക്കുന്നത്. കുടുംബത്തിന്റ ഏക വരുമാനം ശോഭമ്മ ബാംഗ്ലൂരില്‍ വീട്ടുജോലിക്ക് പോകുന്നതിലൂടെ ലഭിക്കുന്ന 13000 രൂപയാണ്. കുട്ടിയുടെ അച്ഛനായ രമേശ് അസുഖം ബാധിച്ച് കിടപ്പിലാണ്.
'ഞങ്ങളുടെ സ്പര്‍ശനം ദൈവത്തിന് ഇഷ്ടമല്ലെങ്കില്‍ പിന്നെ ആ ദൈവത്തെ ഞങ്ങള്‍ എന്തിനാണ് ആരാധിക്കുന്നത് ? ഞാനും ദൈവത്തിനായി ഒരുപാട് പണം ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ ഇനി അതുണ്ടാവില്ല. ഇനി ഞങ്ങള്‍ ആരാധിക്കുക അംബേദ്ക്കറിനെ മാത്രമാണ് '' ശോഭമ്മ പറയുന്നു. സെപ്റ്റംബര്‍ 8ന് നടന്ന സംഭവം ദിവസങ്ങള്‍ക്ക് ശേഷം ദളിത് സംഘടനകളുടെ ഇടപെടല്‍ കാരണമാണ് പുറത്തറിഞ്ഞത്.
ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്കില്ലെങ്കിലും ഉള്ളേരഹള്ളിയിലെ പട്ടികജാതി വിഭാഗക്കാര്‍ ഭയം കാരണം ക്ഷേത്രങ്ങളില്‍ പ്രവേശിക്കാറില്ല. പിഴയടക്കാന്‍ നിര്‍ബന്ധിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് കുടുംബത്തെ സന്ദര്‍ശിച്ച ശേഷം അംബേദ്കര്‍ സേവാ സമിതി നേതാവ് കെഎം സന്ദേശ് ആവശ്യപ്പെട്ടിരുന്നു.കോലാര്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ വെങ്കട്ട് രാജയും കുടുംബത്തെ സന്ദര്‍ശിച്ചു. വീട് വെക്കാനായി സ്ഥലവും പണവും ശോഭമ്മയ്ക്ക് നല്ലൊരു ജോലിയും നല്‍കുമെന്ന് രാജ അറിയിച്ചു.
ജാതി വിവേചനത്തിന്റെ ഇത്തരം സംഭവങ്ങള്‍ കര്‍ണാടകയില്‍ ആദ്യമല്ല. കഴിഞ്ഞ വര്‍ഷം കോപ്പാല്‍ ജില്ലയില്‍ ഒരു ദളിത് കുടുംബത്തിലെ രണ്ടു വയസ്സുകാരനായ കുട്ടി ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് കുടുംബത്തിന് 25000 പിഴ ചുമത്തിയിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടക ഗവണ്‍മെന്റ് ജാതി വിവേചനങ്ങള്‍ അവസാനിപ്പിക്കാനായി 'വിനായ സമരസ്യ യോജന' എന്ന പേരില്‍ പദ്ധതി ആരംഭിച്ചിരുന്നു.