രാജസ്ഥാനില്‍ തട്ടിക്കൊണ്ടുപോയ ദളിത് യുവതിയുടെ മൃതദേഹം കിണറ്റില്‍, ആസിഡ് ഒഴിച്ച് വികൃതമാക്കി; പ്രതിഷേധം

രാജസ്ഥാനില്‍ തട്ടിക്കൊണ്ടുപോയ ദളിത് യുവതിയുടെ മൃതദേഹം കിണറ്റില്‍, ആസിഡ് ഒഴിച്ച് വികൃതമാക്കി; പ്രതിഷേധം

രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊലപാതകം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്
Updated on
1 min read

രാജസ്ഥാനില്‍ ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കരൗളിയില്‍ നിന്ന് മൂന്ന് ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം വെള്ളിയാഴ്ച പ്രദേശത്തെ ഒരു കിണറ്റില്‍ നിന്ന് കണ്ടെടുത്തു. ആസിഡ് ഒഴിച്ച് വികൃതമാക്കിയ മൃതദേഹത്തില്‍ നിന്ന് വെടിയുണ്ടകളും കണ്ടെടുത്തു. ജൂലൈ 12നാണ് 19 കാരിയായ ബിരുദ വിദ്യാര്‍ഥിനിയെ നാല് പേര്‍ ചേര്‍ന്ന് വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോകുന്നത്. അതേസമയം, രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊലപാതകം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

സര്‍ക്കാരിന്റെ പ്രതികരണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ഇന്നലെ നിയമസഭയില്‍ ഉന്നയിച്ചു

സംസ്ഥാന ബിജെപിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും അശോക് ഗെഹ്‍ലോട്ട് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പോലീസ് സമയബന്ധിതമായി ഇടപെടാത്തതാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് പുറത്ത് ബിജെപി ധര്‍ണ നടത്തി. സംഭവത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ഇന്നലെ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തു.

വീട്ടില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരെയുള്ള കിണറ്റില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് യുവതിയെ തട്ടിക്കൊണ്ടുപോകുന്നതെന്ന് യുവതിയുടെ അമ്മ വ്യക്തമാക്കി. 'പുലര്‍ച്ചെ മൂന്ന് മണിക്ക് ഞങ്ങള്‍ ഉറങ്ങുന്ന സമയത്താണ് മകളെ തട്ടിക്കൊണ്ടുപോകുന്നത്. നാല് പേര്‍ വന്ന് വായില്‍ തുണിക്കഷ്ണം നിറയ്ക്കുകയായിരുന്നു. ഞങ്ങള്‍ നിലവിളിക്കുകയും കരയുകയും ചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല. പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കിയെങ്കിലും അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. നിങ്ങള്‍ കേസ് കൊടുത്താലൊന്നും ഒന്നും സംഭവിക്കില്ലെന്നും തിരികെ പോകാനുമാണ് പോലീസ് ആവശ്യപ്പെട്ടത്'. പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

വീട്ടില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരെയുള്ള കിണറ്റില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്. ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം തിരിച്ചറിയാതിരിക്കാന്‍ ആസിഡ് ഒഴിച്ച് വികൃതമാക്കി. മൃതദേഹത്തില്‍ നിന്ന് വെടിയുണ്ടകളും കണ്ടെടുത്തിരുന്നു.

എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 'ഒരാളെ ഇതിനകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികളെപ്പറ്റി ഞങ്ങള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുമായി സംസാരിച്ചു. സംഭവത്തില്‍ ആരെങ്കിലും സംശയമുണ്ടോയെന്നും ചോദിച്ചു. ഇത് വരെ പേരുകളൊന്നും അവര്‍ നല്‍കിയിട്ടില്ല'. ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞെന്നും മരണകാരണം വെടിയേറ്റതാകാമെന്നും കരൗലി എസ്പി മംമ്ത ഗുപ്ത അറിയിച്ചു. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷമേ ബലാത്സംഗത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ സ്ഥിരീകരിക്കാനാകൂ. നഷ്ടപരിഹാരത്തിനും മറ്റുമായി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.

ഫോറന്‍സിക് പരിശോധനകള്‍ വന്നതിന് ശേഷമേ ബലാത്സംഗത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ സ്ഥിരീകരിക്കാനാകൂ

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബിജെപി രാജ്യസഭാ എംപിയും മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in