ഡൽഹി ഐഐടിയിൽ ദളിത് വിദ്യാർഥി ജീവനൊടുക്കി, രണ്ടുമാസത്തിനിടെ  രണ്ടാമത്തെ ആത്മഹത്യ

ഡൽഹി ഐഐടിയിൽ ദളിത് വിദ്യാർഥി ജീവനൊടുക്കി, രണ്ടുമാസത്തിനിടെ രണ്ടാമത്തെ ആത്മഹത്യ

21 കാരനായ അനിൽ കുമാറെന്ന ദളിത് വിദ്യാർഥിയെയാണ് വെള്ളിയാഴ്ച വൈകിട്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Updated on
1 min read

ഡൽഹി ഐഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. 21 കാരനായ അനിൽ കുമാറെന്ന ദളിത് വിദ്യാർഥിയെയാണ് വെള്ളിയാഴ്ച വൈകിട്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹി ഐ ഐ ടി ക്യാമ്പസ്സിലെ വിന്ധ്യച്ചാൽ ഹോസ്റ്റലിലായിരുന്നു സംഭവം. ബിടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിങ് കോഴ്സ് പഠിക്കുന്ന അനിൽ കുമാറിന്റെ മരണത്തിൽ മറ്റ് ദുരൂഹതകളില്ലെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

കോഴ്സിന്റെ കാലാവധി തീരുന്നതിൽ ഹോസ്റ്റൽമുറി ഒഴിയണമെന്ന് വിദ്യാർഥിക്ക് നോട്ടീസ് നൽകിയിരുന്നതായി അധികൃതർ പറയുന്നു

2019-23 ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു അനിൽ കുമാർ. കോഴ്സിന്റെ കാലാവധി തീരുന്നതിൽ ഹോസ്റ്റൽമുറി ഒഴിയണമെന്ന് വിദ്യാർഥിക്ക് നോട്ടീസ് നൽകിയിരുന്നതായി അധികൃതർ പറയുന്നു. അനിൽകുമാറിന്റെ റൂം അകത്തുനിന്ന് അടച്ചിരിക്കുകയായിരുന്നു എന്നും പൂട്ട് തകർത്ത് അകത്തുകയറിയപ്പോൾ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നും പോലീസ് പറയുന്നു.

ഡൽഹി ഐഐടിയിൽ ദളിത് വിദ്യാർഥി ജീവനൊടുക്കി, രണ്ടുമാസത്തിനിടെ  രണ്ടാമത്തെ ആത്മഹത്യ
ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍, പോലീസ് അന്വേഷണം ആരംഭിച്ചു

സ്ഥാപനത്തിന്റെ നിയമമനുസരിച്ച് കോഴ്സ് തീർന്നതിനാൽ ജൂൺ മാസത്തോട് കൂടി ഹോസ്റ്റൽമുറി ഒഴിയണമെന്ന് അനില്കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില വിഷയങ്ങളിൽ പരീക്ഷ പാസാകാത്തതിനാൽ ആറുമാസം കൂടി കാലാവധി നീട്ടികൊടുത്തിരുന്നു. അങ്ങനെയിരിക്കെയാണ് സംഭവം. ഡൽഹി ഐഐടിയിൽ രണ്ടുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.

ഡൽഹി ഐഐടിയിൽ ദളിത് വിദ്യാർഥി ജീവനൊടുക്കി, രണ്ടുമാസത്തിനിടെ  രണ്ടാമത്തെ ആത്മഹത്യ
മദ്രാസ് ഐഐടിയില്‍ വീണ്ടും ആത്മഹത്യ; പ്രതിഷേധവുമായി വിദ്യാർഥികൾ

ഇക്കഴിഞ്ഞ ജൂലൈയിൽ ബിടെക് വിദ്യാർഥി ആയുഷ് അഷ്‌നയെയും ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഉദയഗിരി ഹോസ്റ്റലിലായിരുന്നു ഇരുപതുകാരനായ വിദ്യാർഥിയുടെ ആത്മഹത്യയെ തുടർന്ന് ഐഐടിയിൽ സംയുക്ത വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയിരുന്നു. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ക്യാമ്പുസുകൾ കൂടുതൽ സുരക്ഷിതമാക്കണം എന്നാവശ്യപ്പെട്ടായിരുന്നു എസ് എഫ് ഐ, ബിർസ അംബേദ്‌കർ ഫുലെ സ്റ്റുഡന്റസ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ ഐഐടിയുടെ പ്രധാന ഗേറ്റിൽ പ്രകടനം നടത്തിയത്. ബോംബെ ഐഐടിയിലെ ദളിത് ബിടെക് വിദ്യാർഥിയുടെ ആത്മഹത്യയ്ക്ക് ശേഷമായിരുന്നു ഐഐടി ഡൽഹിയിൽ എസ്‌സി/എസ്ടി സെൽ രൂപീകരിച്ചത്.

(NB: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

logo
The Fourth
www.thefourthnews.in