ചരിത്രത്തിലാദ്യം, കല്ലക്കുറിച്ചിയില്‍ ദളിത് വിഭാഗക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം

ചരിത്രത്തിലാദ്യം, കല്ലക്കുറിച്ചിയില്‍ ദളിത് വിഭാഗക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം

കനത്ത പോലീസ് കാവലില്‍ ആയിരുന്നു ക്ഷേത്ര പ്രവേശനം
Updated on
1 min read

ഇരുന്നൂറ് വര്‍ഷത്തിനിടയില്‍ ആദ്യമായി ദളിത് വിഭാഗക്കാര്‍ക്ക് പ്രവേശനം അനുവദിച്ച് തമിഴ്‌നാട്ടിലെ ക്ഷേത്രം. കല്ലക്കുറിച്ചി ജില്ലയില്‍ എടുതവൈനാഥം ഗ്രാമത്തിലെ ശ്രീ വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. നൂറ്റാണ്ടുകളായി ദളിത് വിഭാഗങ്ങള്‍ക്ക് പ്രവേശനത്തിന് അനുമതിയില്ലാതിരുന്ന ക്ഷേത്രമായിരുന്നു ചിന്നസേലം ടൗണിലെ വരദരാജ പെരുമാള്‍ ക്ഷേത്രം. വര്‍ഷങ്ങളായി ഇക്കാര്യം ആവശ്യപ്പെട്ട് സമരങ്ങള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കപ്പെട്ടിരുന്നു. ആവശ്യം നിരന്തരമായി നിഷേധിക്കപ്പെടുകയായിരുന്നു. ആദി ദ്രാവിഡ വിഭാഗക്കാരാണ് പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നത്.

നൂറ്റാണ്ടുകളായി ദളിത് വിഭാഗങ്ങള്‍ക്ക് പ്രവേശനത്തിന് അനുമതിയില്ലാതിരുന്ന ക്ഷേത്രമായിരുന്നു ചിന്നസേലം ടൗണിലെ വരദരാജ പെരുമാള്‍ ക്ഷേത്രം.

ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ഡിപാര്‍ട്ട് മെന്റിന്റെ ഇടപെടലാണ് ക്ഷേത്ര പ്രവേശനത്തിന് വഴിയൊരുങ്ങിയത്. ദളിത് വിഭാഗങ്ങള്‍ക്ക് ക്ഷേത്ര പ്രവേശനത്തിന് സാഹചര്യമൊരുക്കാന്‍ ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാറിനോട് വകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇത്തവണത്തെ വൈകുണ്ഡനാഥ ഏകാദശി ദിനത്തില്‍ ക്ഷേത്ര പ്രവേശനം സാധ്യമായത്. കനത്ത പോലീസ് കാവലില്‍ ആയിരുന്നു ക്ഷേത്ര പ്രവേശനം. മൂന്നൂറോളം പോലീസുകാരും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മേഖലയില്‍ സന്നിഹിതരായിരുന്നു. വാദ്യമേളങ്ങളുമായി ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് വിഭാഗക്കാന്‍ ആഘോഷങ്ങളോടെയാണ് പ്രാര്‍ത്ഥന നടത്തിയത്.

നിരന്തരമായ തങ്ങളുടെ ആവശ്യമാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്നായിരുന്നു ക്ഷേത്ര പ്രവേശനത്തെ കുറിച്ച് പി രമേഷ് എന്നയാള്‍ ദി ഹിന്ദുവിനോട് നടത്തിയ പ്രതികരണം. ' വരദരാജ പെരുമാള്‍ ക്ഷേത്രത്തിന് 200 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്, ദലിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ കാലങ്ങളായി വിലക്കും നിലനില്‍ക്കുന്നുണ്ട്. നേരത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ട ഘോഷയാത്ര പോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള അനുമതി തേടി ഗ്രാമത്തിലെ സവര്‍ണ വിഭാഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരസിക്കപ്പെട്ടു. 2008-ല്‍ ക്ഷേത്ര ഘോഷയാത്ര പോലും താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണ് ഉണ്ടായത്. ഇപ്പോള്‍ അധികൃതരുടെ ഇടപെടലില്‍ ക്ഷേത്ര പ്രവേശനം സാധ്യമായതില്‍ സന്തോഷമുണ്ട്, രമേഷ് പറയുന്നു.

ദളിതരുടെ ക്ഷേത്ര പ്രവേശനം തടയുന്ന 'ദിക്തത്ത്' ഗ്രാമത്തില്‍ നിലനിന്നിരുന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വിഷയത്തില്‍ നല്‍കുന്ന പ്രതികരണം. ദളിത് സമൂഹത്തിന്റെ പരാതിയില്‍ ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെടുകയും ഡിസംബര്‍ 27 ന് കല്ലക്കുറിച്ചി ആര്‍ഡിഒ എസ് പവിത്ര ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ക്ഷേത്രത്തില്‍ ആരാധന നടത്തുന്നത് തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് ക്ഷേത്ര പ്രവേശനം സാധ്യമായത്.

logo
The Fourth
www.thefourthnews.in