ജനപ്രതിനിധികൾക്കെതിരെ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നത് 5,175 ക്രിമിനല്‍ കേസുകൾ; നാലിലൊന്നും ഉത്തർപ്രദേശിൽ
രാജ്യത്തെ ജനപ്രതിനിധികൾക്ക് എതിരായ ക്രിമിനൽ കേസുകൾ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നു. കഴിഞ്ഞ വർഷം നവംബർ വരെയുള്ള കണക്കുകൾ പ്രകാരം വിവിധ ഹൈക്കോടതികളിലായി 5175 കേസുകളാണ് നിയമസഭാ - പാർലമെന്റ് സാമാജികർക്കെതിരെ നിലവിലുള്ളത്. ഇതിൽ 2116 കേസുകൾ കോടതിയിലെത്തിയിട്ട് അഞ്ചുവർഷം കഴിഞ്ഞു. മൊത്തം കേസുകളുടെ നാലിലൊന്ന് ശതമാനവും ഉത്തർപ്രദേശിലെ ജനപ്രതിനിധികളുടെ പേരിലുള്ളതാണ്. ഹൈക്കോടതികള്‍ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി അമിക്കസ് ക്യൂറിയാണ് പട്ടിക തയ്യാറാക്കിയത്.
ഉത്തർ പ്രദേശിലെ ജനപ്രതിനിധികൾക്ക് എതിരെയുള്ള കേസുകളിൽ തീർപ്പാക്കാനുള്ളത് (നവംബർ 2022 ലെ കണക്കനുസരിച്ച്) 1377 കേസുകളാണ്. ഇതിൽ 719 എണ്ണം അഞ്ചുവർഷത്തിന് മുകളിൽ പഴക്കമുള്ളതാണ്. രണ്ടാം സ്ഥാനത്ത് ബിഹാറും മൂന്നാമത് മഹാരാഷ്ട്രയുമാണ്. 546, 482 എന്നിങ്ങനെയാണ് യഥാക്രമം കണക്കുകൾ. ഒഡിഷയും കേരളവും തൊട്ടുപിന്നാലെയുണ്ട്. കേരളത്തിൽനിന്നുള്ള ജനപ്രധികൾക്ക് എതിരെ 384 ക്രിമിനൽ കേസുകളാണുള്ളത് തീർപ്പാക്കാതെ കിടക്കുന്നത്. അഞ്ചുവർഷത്തിന് മുകളിൽ ആയുസുള്ള കേസുകൾ ഇതിൽ താരതമ്യേന കുറവാണ്. 22 സംസ്ഥാനങ്ങളിൽ നിന്നുള്ള 2,556 എംഎൽഎമാരും എംപിമാരും കേസുകളിൽ പ്രതികളാണെന്ന് കണക്കുകൾ കാണിക്കുന്നു. ഈ സംസ്ഥാനങ്ങളിലെ മുൻ എംപിമാരെയും എംഎൽഎമാരെയും കൂടി ഉൾപ്പെടുത്തിയാൽ എണ്ണം 4,442 ആയി ഉയരും.
അതേസമയം പട്ടികയനുസരിച്ച് ത്രിപുര, അസം, സിക്കിം എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കേസുകളെല്ലാം തീർപ്പാക്കപ്പെട്ടിട്ടുണ്ട്. ദാദ്ര നഗർ ഹവേലി, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും കേസുകളൊന്നും ബാക്കിയില്ല. ഇതിൽ ദാദ്ര നാഗർ ഹവേലി ഒഴികെയുള്ള പ്രദേശങ്ങളിൽ 2022 നവംബർ വരെ കേസുകളൊന്നും തീരുമാനമാകാതെ കിടന്നിട്ടില്ല.
അമിക്കസ് ക്യൂറി തയ്യാറാക്കിയ പട്ടികയിൽ 2018, 2021 എന്നീ വർഷങ്ങളിലെയും കേസുകളുടെ കണക്കുകളുണ്ട്. കഴിഞ്ഞ അഞ്ചുവർഷമായി കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തിന്റെ കാര്യത്തിലും മുൻപന്തിയിൽ ഉത്തർ പ്രദേശ് തന്നെയാണെന്നാണ് ഹൈക്കോടതി സുപ്രീംകോടതിയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നാന്നൂറിൽ താഴെ മാത്രമാണ് ഈ കണക്ക്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശപ്രകാരമാണ് ഹൈക്കോടതികൾ കണക്ക് സമർപ്പിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയെ അമിക്കസ്ക്യൂറിയായി നിയമിച്ചത്.