ജി എൻ സായിബാബയുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും; തിങ്കളാഴ്ച പൊതുദർശനം

ജി എൻ സായിബാബയുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും; തിങ്കളാഴ്ച പൊതുദർശനം

ഹൈദരാബാദ് നിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മൃതദേഹം തിങ്കളാഴ്‌ച വിലാപയാത്രയായി ഗൺപാർക്കിലേക്കെത്തിക്കും
Updated on
1 min read

അന്തരിച്ച മുൻ ഡൽഹി സർവകലാശാല പ്രൊഫസറും മനുഷ്യാവകാശപ്രവർത്തകനുമായ ജിഎൻ സായിബാബയുടെ മൃതദേഹം തെലങ്കാന മെഡിക്കൽ കോളേജിന് കൈമാറുമെന്ന് കുടുംബം. മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലിലടയ്ക്കപ്പെട്ട സായിബാബ ഒരു പതിറ്റാണ്ടോളം നാഗ്പുർ ജയിലിൽ കഴിഞ്ഞതിനു ശേഷമാണ് ഈ വർഷം മാർച്ച് അഞ്ചിന് കുറ്റവിമുക്തനാക്കപ്പെട്ടത്. പോളിയോ ബാധിതനായിരുന്ന സായി ബാബ ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്. ഹൈദരാബാദില്‍ വെച്ചായിരുന്നു അന്ത്യം.

വീൽ ചെയറിന്റെ സഹായമില്ലാതെ സഞ്ചരിക്കാൻ സായിബാബയ്ക്ക് സാധിക്കില്ലായിരുന്നു. തലച്ചോറിൽ മുഴ, ഹൈപ്പർട്രോഫിക് കാർഡിയോ മയോപ്പതി, രക്തസമ്മർദം, മൂത്രത്തിൽ കല്ല് ഉൾപ്പെടെ അതീവഗുരുതരമായ നിരവധി അസുഖങ്ങളുമുണ്ടായിരുന്നു. മാത്രവുമല്ല ജയിൽവാസത്തോടെ അദ്ദേഹത്തിന്റെ ശരീരം 90 ശതമാനവും അനക്കമില്ലാതായി കഴിഞ്ഞിരുന്നു.

ഹൈദരാബാദ് നിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മൃതദേഹം തിങ്കളാഴ്‌ച വിലാപയാത്രയായി ഗൺപാർക്കിലേക്കെത്തിക്കും. അവിടെ പൊതുജനങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാനുള്ള സൗകര്യമൊരുക്കും. ശേഷം മൗലാ അലിയിലുള്ള അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. അവിടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളു. ഇരുസ്ഥലങ്ങളിലും സായിബാബയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ അക്കാദമിക്കുകളും മനുഷ്യാവകാശപ്രവർത്തകരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജി എൻ സായിബാബയുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും; തിങ്കളാഴ്ച പൊതുദർശനം
ജിഎൻ സായിബാബ: ഭരണകൂട ഭീകരതയ്ക്കുമുന്നിൽ ഇടറാത്ത ചോദ്യം

വൈകുന്നേരം നാലുമണിയോടെ മൃതദേഹം ഹൈദരാബാദ് ഗാന്ധി മെഡിക്കൽ കോളേജിന് സമർപ്പിക്കും. തെലങ്കാന പഞ്ചായത്തി രാജ്, ഗ്രാമവികസന വകുപ്പ് മന്ത്രി ദനസരി അനസൂയ അന്തിമോപചാരമർപ്പിക്കാനെത്തുമെന്നാണ് കരുതുന്നത്. രാജ്യത്തെമ്പാടുമുള്ള ഇടതുപക്ഷ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്. സിപിഐ ദേശീയ സെക്രട്ടറി കെ നാരായണ സായിബാബയുടെ മരണത്തെ തുടർന്ന ഹരിയാന ഗവർണർ നടത്തുന്ന ദസറ ആഘോഷപരിപാടികളിൽ പങ്കെടുക്കില്ല എന്നറിയിച്ചിരുന്നു.

ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയയുടെ പാർട്ടിയായ ബിജെപി ഭരിക്കുന്ന സർക്കാരാണ് സായിബാബയെ ജയിലിലടച്ചത് അതുകൊണ്ട് താൻ ഈ ചടങ്ങിൽ പങ്കെടുക്കില്ല എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.

സായിബാബ മാവോയിസ്റ്റുകളുടെ ഫ്രണ്ട് ഓർഗനൈസേഷനായി കണക്കാക്കുന്ന റിവല്യൂഷനറി ഡെമോക്രാറ്റിക്‌ ഫ്രണ്ടുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു എന്നും ഇതുവഴി സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം 2014ൽ അറസ്റ്റു ചെയ്യപ്പെടുന്നത്. ഈ ആരോപണങ്ങൾ ശരിവച്ചുകൊണ്ടായിരുന്നു ഗഡ്ചിറോളി സെഷൻസ് കോടതിയുടെ ശിക്ഷാവിധിയും. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും സായിബാബയും ഭാര്യ വസന്തയും നിയമപോരാട്ടം തുടർന്നു.

ശേഷം 2022 ഒക്ടോബറിൽ അദ്ദേഹം കുറ്റവാളിയല്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. എന്നാൽ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ച മഹാരാഷ്ട്ര പോലീസിന്റെ ആരോപണങ്ങൾ സുപ്രീംകോടതി തള്ളിയില്ല. വീണ്ടും സായിബാബയെ കോടതി റിമാൻഡ് ചെയ്തു. ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശേഷം 2024 മാർച്ച് അഞ്ചിന് ബോംബെ ഹൈക്കോടതി വീണ്ടും അദ്ദേഹം കുറ്റവിമുക്തനാണെന്നു കണ്ടെത്തി.

logo
The Fourth
www.thefourthnews.in