ഏഴു മരണംകൂടി; മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 31 ആയി

ഏഴു മരണംകൂടി; മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 31 ആയി

ഇന്ന് മരിച്ച ഏഴ് പേരില്‍ നാല് പേരും കുട്ടികളാണ്
Updated on
1 min read

മഹാരാഷ്ട്രയിലെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ഇന്ന് മരിച്ച ഏഴ് പേരില്‍ നാല് പേരും കുട്ടികളാണ്. ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആകെ മരിച്ച 31 പേരില്‍ 16 പേര്‍ ശിശുക്കളും കുട്ടികളുമാണ്.

അതേസമയം മെഡിക്കല്‍ അശ്രദ്ധയാണ് മരണകാരണമെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ആശുപത്രി ഡീനായ ഡോ ശ്യാംറാവു വക്കോഡെ തള്ളിക്കളഞ്ഞു. ഡോക്ടര്‍മാരുടെയോ മരുന്നുകളുടെയോ അഭാവമില്ലെന്നും കൃത്യമായ പരിചരണം നല്‍കിയിട്ടും രോഗികള്‍ ചികിത്സയോട് പ്രതികരിച്ചില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ 24 പേര്‍ മരിച്ച വാര്‍ത്ത പുറത്ത് വന്നത്. മരുന്നുകളുടെയും ഡോക്ടര്‍മാരുടെയും അഭാവമാണ് കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതില്‍ പ്രതികരിക്കുകയായിരുന്നു ശ്യാംറാവു.

ഏഴു മരണംകൂടി; മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 31 ആയി
മഹാരാഷ്ട്ര ആശുപത്രിയില്‍ വീണ്ടും കൂട്ടമരണം; ഒരു ദിവസം മരിച്ചത് 12 നവജാതശിശുക്കള്‍ ഉള്‍പ്പടെ 24 രോഗികള്‍

എന്നാല്‍ ജീവനക്കാരുടെ കുറവുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് തന്നെയായിരുന്നു വ്യക്തമാക്കിയത്. ''70 മുതല്‍ 80 കിലോമീറ്റര്‍ ചുറ്റളവിലെ ഏക ആശുപത്രിയാണ് ഇത്. വളരെ ദൂരെ നിന്നും രോഗികള്‍ എത്താറുണ്ട്. ചില ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാറുണ്ട്. അത്രയും ആളുകളെ പരിചരിക്കാനുള്ള ശേഷി ആശുപത്രിക്കില്ല'' -സൂപ്രണ്ട് വ്യക്തമാക്കി.

മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യാഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഛത്രാപതി സാംബാജിനഗര്‍ ജില്ലയിലെ മൂന്ന് അംഗ വിദഗ്ധ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ എഡുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ ദിലീപ് മൈശേഖകര്‍ പിടിഐയോട് പറഞ്ഞിരുന്നു.

ഏഴു മരണംകൂടി; മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 31 ആയി
സീതാറാം യെച്ചൂരിയുടെ വസതിയിലും റെയ്ഡ്; ന്യൂസ്ക്ലിക്ക് പ്രതിനിധി താമസിച്ചിരുന്നതായി ഡൽഹി പോലീസ്

ആശുപത്രിയില്‍ സംഭവിച്ചത് വേദനാജനകവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതികരിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഓഗസ്റ്റ് മാസത്തില്‍ താനെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചെറിയ സമയത്തിനുള്ളില്‍ 18 പേര്‍ മരിച്ച സംഭവവും ഖാര്‍ഗെ ഓര്‍മിപ്പിച്ചു. ബിജെപി സര്‍ക്കാര്‍ പബ്ലിസിറ്റിക്ക് വേണ്ടി ആയിരക്കോടി രൂപ ചെലവഴിക്കുന്നുവെന്നും എന്നാല്‍ കുട്ടികള്‍ക്ക് മരുന്നു വാങ്ങാന്‍ പണമില്ലെന്നും രാഹുല്‍ ഗാന്ധിയും എക്‌സിലൂടെ പ്രതികരിച്ചു.

ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും നന്ദേത് ആശുപത്രിക്ക് ആവശ്യമായ സഹായങ്ങള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കുകയും വേണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അറിയിച്ചു.

logo
The Fourth
www.thefourthnews.in