മോദിയെ കടന്നാക്രമിച്ച് 'ഇന്ത്യ'; അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ച നാളെയും തുടരും

അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച മറുപടി പറയും
മോദിയെ കടന്നാക്രമിച്ച് 'ഇന്ത്യ'; 
അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ച നാളെയും തുടരും

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷം നോട്ടീസ് നല്‍കിയ അവിശ്വാസപ്രമേയത്തില്‍ ലോക്സഭയില്‍ ചര്‍ച്ച 12 മണിമുതല്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചര്‍ച്ചകള്‍ക്ക് തുടക്കമിടും. ഇന്നും നാളെയുമായി 12 മണിക്കൂറോളം നിശ്ചയിച്ചിരിക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച മറുപടി പറയും.

12 മണിക്കൂര്‍ ചര്‍ച്ചയില്‍ ആറ് മണിക്കൂര്‍ 41 മിനുറ്റ് ബിജെപി നേതാക്കള്‍ക്ക് സംസാരിക്കാം. ആഭ്യന്തരമന്ത്രി അമിത്ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി തുടങ്ങി അഞ്ച് മന്ത്രിമാരുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ ബിജെപിയ്ക്കായി പ്രതിരോധം തീര്‍ക്കും. 1.15 മണിക്കൂറാണ് കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ളത്. മറ്റു പാര്‍ട്ടികള്‍ക്ക് അവരുടെ അംഗങ്ങളുടെ എണ്ണമനുസരിച്ച് സമയം വീതിച്ച് നല്‍കും.

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷം നോട്ടീസ് നല്‍കിയ അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച തുടങ്ങി. തര്‍ക്കത്തോടെ ആയിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കമായത്. രാഹുല്‍ ഗാന്ധി ആദ്യം സംസാരിക്കുന്നത് സംബന്ധിച്ച വിഷയത്തിലാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടിയത്. ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയ ചർച്ചകള്‍ക്ക് തുടക്കമിട്ടത്.

രാഹുൽ ഗാന്ധിക്കെതിരെ പ്രള്‍ഹാദ് ജോഷി

ഗൗരവ് ഗൊഗോയ് അവിശ്വാസ പ്രമേയ ചർച്ചകള്‍ക്ക് തുടക്കമിട്ട സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. അവസാന നിമിഷം എന്തിനാണ് ക്രമം മാറ്റിയത് എന്നായിരുന്നു പ്രള്‍ഹാദ് ജോഷിയുടെ ചോദ്യം.

മണിപ്പൂരിനെക്കുറിച്ച് മാത്രമല്ല, ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്: ഗൗരവ് ഗൊഗോയ്

മണിപ്പൂർ കത്തുന്നു എന്നതിനർത്ഥം ഇന്ത്യ കത്തുന്നു എന്നതാണ്. മണിപ്പൂരിൽ വിഭാഗീയതയുണ്ട് എന്നതിനർത്ഥം ഇന്ത്യയില് അതുണ്ടെന്നാണ് . അതുകൊണ്ടുതന്നെ മണിപ്പൂരിനെക്കുറിച്ച് മാത്രമല്ല, മുഴുവൻ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്

'രാജ്യം കത്തിയിട്ടും മോദി മിണ്ടുന്നില്ല'; അവിശ്വാസ പ്രമേയം തത്സമയം

മോദിയോട് പ്രതിപക്ഷത്തിന്റെ മൂന്ന് ചോദ്യങ്ങള്‍

1. എന്തുകൊണ്ടാണ് ഇന്നുവരെ മണിപ്പൂർ സന്ദർശിക്കാത്തത്?

2. മണിപ്പൂരിലെ കുറിച്ച് സംസാരിക്കാൻ മോദിക്ക് 80 ദിവസം വേണ്ടിവന്നു. അതും മുപ്പത് സെക്കന്റാണ് സംസാരിച്ചത്. എന്തുകൊണ്ട് സംസാരിക്കുന്നില്ല?

3. മണിപ്പൂർ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല?

മണിപ്പൂരില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു

മണിപ്പൂരില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഗൗരവ് ഗൊഗോയ്. ആഭ്യന്തര മന്ത്രാലയവും ദേശ സുരക്ഷാ സേനയും അവരുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു. സ്വന്തം തെറ്റ് ജനങ്ങളോട് ഏറ്റുപറയാൻ മോദി തയ്യാറല്ല

സർവ്വകക്ഷി സംഘത്തിനൊപ്പം പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണം

  1. സഭയിൽ പ്രധാനമന്ത്രി സംസാരിക്കണം

  2. സർവ്വകക്ഷികളെയും ഉൾപ്പെടുത്തി പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണം

  3. മണിപ്പൂരിലെ വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകളുമായി ചർച്ച നടത്തണം

രാഹുല്‍ ഗാന്ധിക്ക് പരിഹാസം

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ. രാഹുൽ ഗാന്ധി നേരം വൈകി ഉണർന്നതുകൊണ്ടാകാം രാഹുൽ ഗാന്ധി ആദ്യം സംസാരിക്കാതിരുന്നതെന്ന് ചർച്ചയ്ക്കിടെ ബിജെപി എംപി നിഷികാന്ത് ദുബെ പരിഹസിച്ചു. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യ്ക്കെതിരെയും നിരവധി പരാമർശങ്ങൾ നടത്തി. ചര്‍ച്ചയില്‍ ഭരണപക്ഷത്തുനിന്നും ആദ്യമായി സംസാരിച്ച വ്യക്തിയാണ് ഝാര്‍ഗണ്ഡില്‍ നിന്നുള്ള എംപിയായ നിഷികാന്ത് ദുബെ.

സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചു, മണിപ്പൂര്‍ മുഖ്യമന്ത്രി നിസ്സഹായന്‍

മണിപ്പൂരില്‍ സ്ത്രീകള്‍ നേരിട്ട ക്രൂരകൃത്യം അവതരിപ്പിച്ച് ഡിഎംകെ എം പി, ടി ആര്‍ ബാലു. തെരുവില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു. ന്യൂനപക്ഷങ്ങള്‍ ക്രൂരമായി കൊല്ലപ്പെട്ടു. 65,000 പേര്‍ സംസ്ഥാനത്ത് നിന്ന് പലായനം ചെയ്തു. മുഖ്യമന്ത്രി നിസഹായനാണ്. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരികയോ മണിപ്പൂരില്‍ പോവുകയോ ചെയ്യുന്നില്ല. 'ഇന്ത്യ' മണിപ്പൂരില്‍ പോയി എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കി.

മണിപ്പൂര്‍ രാജ്യത്തെ സ്ത്രീകളുടെ ആത്മാഭിമാന പ്രശ്‌നമെന്ന് സുപ്രിയ സുലെ 

മണിപ്പൂര്‍ രാജ്യത്തെ തന്നെ സ്ത്രീകളുടെ ആത്മാഭിമാന പ്രശ്‌നമെന്ന് എന്‍സിപി എം പി സുപ്രിയ സുലെ. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ജനങ്ങള്‍ കൊല്ലപ്പെടുകയും വീടുകള്‍ കത്തിക്കുകയും ചെയ്യുന്നു. എങ്ങനെ നിശബ്ദരായിരിക്കാന്‍ കഴിയുന്നുവെന്ന് സുപ്രിയ സുലെ ചോദിച്ചു. മണിപ്പൂര്‍ മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് സുപ്രിയ സുലെ ആവശ്യപ്പെട്ടു. കൊലപാതകം, ബലാത്സംഗം അടക്കം 10,000 കേസുകളാണ് കലാപത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. നമ്മള്‍ ഇത്ര നിര്‍വികാരമായിപ്പോയോ? ഇതാണ് ഈ സര്‍ക്കാരിന്റെ പ്രശ്‌നമെന്നും സുപ്രിയ.

മണിപ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമെന്ന് എസ്പി

മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിര്‍വികാരമാണെന്ന് എസ്പി എംപി ഡിംപിള്‍ യാദവ്. ധിക്കാരപരമായ സര്‍ക്കാരാണിത്. ഇത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. ജനാധിപത്യ രാജ്യത്തില്‍ സ്ത്രീകളെ അക്രമത്തിനുള്ള ഉപകരണമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മണിപ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമെന്നും ഡിംപിള്‍ യാദവ്.

ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിട്ടത് കൊണ്ട് കാര്യമില്ലെന്ന് കിരണ്‍ റിജിജു

നിങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷത്തോട് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. 2014ന് മുമ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരവധി ആളുകള്‍ വംശീയ വിവേചനവും അതിക്രമങ്ങളും നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ പിന്നീട് ആ സ്ഥിതി മാറിയെന്നും കിരണ്‍ റിജിജു.

കലാപം രാജ്യത്തെ മുഴുവന്‍ ബാധിക്കുമെന്ന് മനീഷ് തിവാരി

ഏതെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അശാന്തി ഉണ്ടാകുമ്പോള്‍ അത് രാജ്യത്തെയും മുഴുവന്‍ വടക്കുകിഴക്കന്‍ മേഖലയേയും ബാധിക്കുമെന്ന് കോണ്‍ഗ്രസ് എം പി മനീഷ് തിവാരി.

അവിശ്വാസപ്രമേയത്തിൻമേലുള്ള ഇന്നത്തെ ചർച്ച അവസാനിച്ചു, ലോക്സഭ നാളത്തേക്ക് പിരിഞ്ഞു  

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസപ്രമേയത്തിന്‍മേലുള്ള ഇന്നത്തെ ചര്‍ച്ച അവസാനിച്ചു. ലോക്‌സഭ നാളത്തേക്ക് പിരിഞ്ഞു. നാളെ 11 മണിക്ക് ചര്‍ച്ച പുനഃരാരംഭിക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഭയില്‍ സംസാരിക്കാത്തതിനെ വിമര്‍ശിച്ചും പരിഹസിച്ചും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ രാഹുല്‍ സംസാരിക്കുമെന്നാണ് സൂചനകള്‍.

logo
The Fourth
www.thefourthnews.in