വയനാട് ഉപതിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മെല്ലെപ്പോക്കും; നിയമപോരാട്ടത്തിന് രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്ന ഇളവ്
ലോക്സഭാ എംപി സ്ഥാനത്തെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത സംബന്ധിച്ച വിഷയം ഇനി സുപ്രീം കോടതിയുടെ മുന്നില്‍. വയനാട് എംപി യായിരുന്ന രാഹുല്‍ ഗാന്ധി കഴിഞ്ഞ മാര്‍ച്ച് 23 നാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെടുന്നത്. എന്നാല്‍ മറ്റ് അയോഗ്യതാ കേസുകളില്‍ നിന്ന് വ്യത്യസ്തമായി എംപി സ്ഥാനം ഒഴിഞ്ഞു കിടന്ന് മാസങ്ങൾ പിന്നിട്ടിട്ടും വയനാട്ടിൽ ഇതുവരെയും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റ മെല്ലപ്പോക്ക് രാഹുൽ ഗാന്ധിക്ക് നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള സാധ്യതയാണ് ഒരുക്കിയിട്ടുള്ളത്.
‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ തടവുശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ പുനഃപരിശോധന തള്ളി ഗുജറാത്ത് ഹൈക്കോടതിയും തള്ളിയതോടെയാണ് വിഷയം സുപ്രീം കോടതിയിലേക്ക് നീങ്ങുന്നത്. ശിക്ഷാവിധി റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ രാഹുല്‍ അയോഗ്യനാക്കപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല
1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 151 എ വകുപ്പ് പ്രകാരം പാര്‍ലമെന്റ്, സംസ്ഥാന നിയമസഭകളിലെ ഒഴിവ് ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പിലൂടെ നികത്തണമെന്നാണ്. എന്നാല്‍ രാഹുല്‍ അയോഗ്യനാക്കപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. സെക്ഷന്‍ 151 എ പ്രകാരം 2023 സെപ്റ്റംബര്‍ 22 നകം വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. ഉപതിരഞ്ഞെടുപ്പിലൂടെ എംപിയാകുന്നവര്‍ക്ക് ഹ്രസ്വ കാലത്തേക്ക് മാത്രമേ അധികാരത്തിലിരിക്കാന്‍ സാധിക്കുള്ളൂവെങ്കിലും തിരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ സാധിക്കില്ല.
ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍, എസ്പി നേതാവ് അസം ഖാന്‍, മകന്‍ അബ്ദുള്ള അസം ഖാന്‍ എന്നിവരെ സമാനകേസുകളില്‍ അയോഗ്യരാക്കിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് വ്യത്യസ്തമായിരുന്നു. ലക്ഷദ്വീപ് എം പിയായിരുന്ന മുഹമ്മദ് ഫൈസല്‍ അയോഗ്യനാക്കപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒടുവില്‍ കേരള ഹൈക്കോടതി ഫൈസലിന്റെ ശിക്ഷ റദ്ദാക്കിയതോടെയാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം കമ്മീഷന് പിന്‍വലിക്കേണ്ടി വരികയായിരുന്നു.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കേസില്‍ വ്യത്യസ്ത സമീപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നത്. വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കുന്നതിന് പകരം നിയപരമായി നീങ്ങാനുള്ള സമയമാണ് രാഹുലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്നത്. ശിക്ഷാവിധിക്കെതിരെ അതിവേഗം സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അടുത്ത രണ്ടര മാസത്തിനുള്ള അയോഗ്യത നീങ്ങിയില്ലെങ്കില്‍ വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധിതമാകും.