രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തിപരമായ വീഡിയോ; ബിജെപി ദേശീയ അധ്യക്ഷനും ഐടി സെല്‍ ചീഫിനുമെതിരെ പരാതി

രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തിപരമായ വീഡിയോ; ബിജെപി ദേശീയ അധ്യക്ഷനും ഐടി സെല്‍ ചീഫിനുമെതിരെ പരാതി

കര്‍ണ്ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയാണ്പരാതി നല്‍കിയത്
Updated on
1 min read

രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തിപരമായ വീഡിയോ പ്രചരിപ്പിച്ചതിന് ബിജെപി ദേശിയ അധ്യക്ഷന്‍ ജെപി നദ്ദ, ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ, ബിജെപി ചണ്ഡീഗഡ് പ്രസിഡന്റ് അരുണ്‍ സൂദ് എന്നിവര്‍ക്കെതിരെ കര്‍ണ്ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ തിങ്കളാഴ്ച പരാതി നല്‍കി. രാഹുല്‍ഗാന്ധിയെ ലക്ഷ്യം വെച്ചുകൊണ്ട് ദുരുദ്ദേശപരവും തെറ്റായതുമായ 3ഡി ആനിമേറ്റഡ് വീഡിയോയാണ് അമിത് മാളവ്യ പങ്കുവെച്ചത്. ബിജെപിയുടെ പ്രധാന നേതാക്കളായ ജെ.പി. നദ്ദ, അരുണ്‍ സൂദ് എന്നിവരും വീഡിയോ ശരിവെച്ച് വ്യാപകമായി പങ്കുവെച്ചിട്ടുണ്ടെന്നും ഖാര്‍ഗെ ആരോപിച്ചു.

'രാഹുല്‍ ഗാന്ധിയുടെയും ഐഎന്‍സിയുടെയും സല്‍പ്പേരിന് കളങ്കം വരുത്തുക മാത്രമല്ല, വര്‍ഗീയ വിദ്വേഷം വളര്‍ത്താനും പാര്‍ട്ടിയെയും നേതാക്കളുടെ വ്യക്തിത്വത്തെയും തെറ്റായി ചിത്രീകരിക്കാനുമുള്ള വ്യക്തവും ദുരുദ്ദേശപരവുമായ ഉദ്ദേശത്തോടെയാണ് 2023 ജൂണ്‍ 17-ന് മാളവ്യയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ വീഡിയോ പ്രചരിപ്പിച്ചത്,'' അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെയും നേതാക്കളെയും ദേശവിരുദ്ധ ഘടകങ്ങളായാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. വീഡിയോയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളുടെ മാറ്റം വരുത്തിയ പതിപ്പുകളും തെറ്റായ വിവരണങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പരാതിയില്‍ പറഞ്ഞു.

''ഇസ്ലാമിക വിശ്വാസികളുമായുള്ള രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ തെറ്റായാണ് ആനിമേറ്റഡ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈ വീഡിയോ ആശങ്കാജനകമാണ്. അപകീര്‍ത്തികരമായ ചിത്രീകരണം വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ആളുകള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുകയും സാമുദായിക അസ്വാരസ്യം പ്രചരിപ്പിക്കുകയും ചെയ്യും,'' അദ്ദേഹം പറഞ്ഞു.

'രാഹുല്‍ ഗാന്ധി അപകടകാരിയാണ്, വഞ്ചനാപരമായ കളി കളിക്കുന്നു...' എന്ന അടിക്കുറിപ്പോടെയാണ് ജൂണ്‍ 17ന് മാളവ്യ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വീഡിയോ പങ്കുവെച്ചത്. അടുത്ത ദിവസം തന്നെ ഹിന്ദി സബ്ടൈറ്റിലുകളോടെ മാളവ്യ അതേ വീഡിയോ റീപോസ്റ്റ് ചെയ്തു.

ബിജെപിയുടെ മൂന്ന് നേതാക്കളും ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുകയും സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം കര്‍ണാടക യൂണിറ്റ് തലവന്‍ കൂടിയായ ഖാര്‍ഗെ ഹൈഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു. ഭാരതീയ ജനതാ പാര്‍ട്ടിയിലെ പ്രമുഖര്‍ സമൂഹത്തില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും അതിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ നടത്തിയ ഗുരുതരവും നിയമവിരുദ്ധവുമായ കുറ്റകൃത്യങ്ങള്‍ക്കെതിരെയാണ് തന്റെ പരാതിയെന്ന് മന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in