കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എഎപി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി
ഡല്‍ഹിയില്‍ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനാണ് ഇന്ന് അറസ്റ്റിലായത്. വഖഫ് ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ടുള്ള കേസില്‍ അമാനത്തുള്ള ഖാനെ ഇന്നു ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വഖഫ് ബോര്‍ഡിന്റെ സ്വത്ത് മറിച്ചു വിറ്റുവെന്നാണ് അമാനത്തുള്ള ഖാനെതിരായ ആരോപണം. ദക്ഷിണപൂര്‍വ ഡല്‍ഹിയിലെ ഓക്ല മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് അമാനത്തുള്ള ഖാന്‍. കേസില്‍ അമാനത്തുള്ള ഖാന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിഞ്ഞാഴ്ച സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കെട്ടിച്ചമച്ച കള്ളക്കേസാണ് ഇതെന്നും ചൂണ്ടിക്കാട്ടിയാണ് അമാനത്തുള്ള ഖാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അമാനത്തുള്ള ഖാന്റെ വാദം കോടതി അംഗീകരിച്ചില്ല. കോടതി ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി ഇഡി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചത്. ഇന്ന് ചോദ്യം ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലയാതിന് ശേഷം, ഇഡി അറസ്റ്റ് ചെയ്യുന്ന ആദ്യ എംഎല്‍എയാണ് അമാനത്തുള്ള ഖാന്‍.