സ്വാതി മലിവാളിനെതിരായ ആക്രമണം നാടകമെന്ന് ബിജെപി; ജീവനുള്ളത് വരെ പോരാടുമെന്ന് മറുപടി
ഡല്‍ഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിന് നേരേയുണ്ടായ ആക്രമണം നാടകമാണെന്നും, അധ്യക്ഷ സ്ഥാനത്ത് നിന്ന് സ്വാതിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി. ഈ ആവശ്യമുന്നയിച്ച് ഡല്‍ഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയ്ക്ക് ബിജെപി കത്തയച്ചു. അതേസമയം ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സ്വാതി രംഗത്തെത്തി. വൃത്തികെട്ട നുണകളാണ് പ്രചരിപ്പിക്കുന്നതെന്നും അവസാന ശ്വാസം വരെ ഇതിനെതിരെ പോരാടുമെന്നും സ്വാതി മലിവാൾ പറഞ്ഞു. സ്വാതിക്കെതിരെ ആക്രമണം നടത്തിയയാള്‍ ആം ആദ്മി പാർട്ടി പ്രവർത്തകനാണെന്നാണ് ബിജെപിയുടെ ആരോപണം. ഡല്‍ഹി പോലീസിനെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും ബിജെപി ആരോപിക്കുന്നു.
പല തവണ ആക്രമിച്ചെങ്കിലും ഞാൻ തളർന്നിട്ടില്ല, എന്റെ ശബ്ദം അടിച്ചമർത്താൻ ആർക്കും കഴിയില്ല
സ്വാതി മലിവാൾ
'എന്നെക്കുറിച്ച് വൃത്തികെട്ട നുണകൾ പറഞ്ഞ് എന്നെ ഭയപ്പെടുത്താമെന്ന് കരുതുന്നവരോട് ഞാൻ പറയട്ടെ, ഈ ചെറിയ ജീവിതത്തിനിടയിൽ ഞാൻ ഒരുപാട് വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പലതവണ ആക്രമിച്ചെങ്കിലും ഞാൻ തളർന്നിട്ടില്ല. ഓരോ തവണയും എന്റെ ഉള്ളിലെ അഗ്നി കൂടുതൽ ശക്തമാവുകയാണ് ചെയ്തത്. എന്റെ ശബ്ദം അടിച്ചമർത്താൻ ആർക്കും കഴിയില്ല. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം ഈ പോരാട്ടം തുടരുക തന്നെ ചെയ്യും,' സ്വാതി മലിവാൾ പറഞ്ഞു.
സ്വാതിക്കെതിരെയുണ്ടായ ആക്രമണം നാടകമാണെന്ന് ആരോപിച്ച് നിരവധി ബിജെപി നേതാക്കളാണ് രംഗത്തെത്തിയത്. ദക്ഷിണ ഡല്‍ഹിയിലെ സംഗം വിഹാറിലെ എഎപി പ്രവർത്തകനാണ് സ്വാതി മലിവാളിനെതിരെ അതിക്രമം കാണിച്ച ക്യാബ് ഡ്രൈവറെന്നും ആംആദ്മി എംഎല്‍എ പ്രകാശ് ജർവാളുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്നും ബിജെപി ഡല്‍ഹി വക്താവ് ഷാസിയ ഇല്‍മി ആരോപിച്ചിരുന്നു.
ഡല്‍ഹിയിൽ പുതുവത്സര രാത്രിയിൽ കാറിനടിയിൽപ്പെട്ട് യുവതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സ്ത്രീ സുരക്ഷ ശക്തമാക്കാൻ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ സംഘങ്ങളായി തിരിഞ്ഞ് നഗരത്തില്‍ പല ഭാഗങ്ങളിലായി പരിശോധന നടത്തുന്നതിനിടെയാണ് സ്വാതി മലിവാളിന് നേരെ ആക്രമണമുണ്ടായത്. കാറിലെത്തിയ ഹരീഷ് ചന്ദ്ര എന്ന ആള്‍ സ്വാതി മലിവാളിനെ ആക്രമിക്കുകയായിരുന്നു. ഇയാളെ അല്‍പസമയത്തിനകം തന്നെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. കാറിൽ കൈ കുടുങ്ങിയ സ്വാതി മലിവാളിനെ പ്രതി 15 മീറ്ററോളം റോഡിൽ വലിച്ചിഴച്ചതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഡല്‍ഹി എയിംസ് ആശുപത്രി പരിസരത്താണ് സംഭവം ഉണ്ടായത്.ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന് ഡല്‍ഹി പോലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് പോലും സുരക്ഷയില്ലെങ്കിൽ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താണെന്ന ചോദ്യമാണ് സ്വാതി മലിവാള്‍ ഉയർത്തിയത്