അന്വേഷണം ഊര്‍ജിതം; സംഗീതാ ഫോഗട്ടിനെ ബ്രിജ് ഭൂഷന്റെ വസതിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡന ആരോപണങ്ങളിൽ അന്വേഷണം ശക്തമാക്കി ഡൽഹി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി ഗുസ്തി താരം സംഗീത ഫോഗട്ടിനെ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ഔദ്യോഗിക വസതിയിൽ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോയി. ഉച്ചയ്ക്ക് 1.30ഓടെയാണ് വനിതാ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം സംഗീതാ ഫോഗട്ടിനെ ഡൽഹിയിലെ ബ്രിജ് ഭൂഷന്റെ ഔദ്യോഗിക വസതിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണങ്ങൾ അന്വേഷിക്കുന്ന ഡൽഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലെ അന്വേഷണ റിപ്പോർട്ട് അടുത്ത ആഴ്ച കോടതിയിൽ സമർപ്പിച്ചേക്കും. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 180ഓളം പേരെ ചോദ്യം ചെയ്തതായി അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതിയില്‍ വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര റഫറി ജഗ്ബീര്‍ സിങ് രംഗത്തെത്തിയിരുന്നു. വനിതാ ഗുസ്തി താരത്തിനെതിരെ ലൈംഗിക അതിക്രമം നടത്തുന്നത് താന്‍ നേരിട്ട് കണ്ടിരുന്നുവെന്നും താരം അസ്വസ്ഥയായിരുന്നുവെന്നും ജഗ്ബീര്‍ സിങ് പറഞ്ഞു. പോലീസ് സാക്ഷികളായി ചേർത്ത 125 പേരില്‍ ഒരാളാണ് ജഗ്ബീര്‍ സിങ്. ബ്രിജ് ഭൂഷന്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ ഗുസ്തിക്കാരിലൊരാളുടെ പരാതിയെക്കുറിച്ചും എഫ്‌ഐആറിലെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂണ്‍ 15 വരെയാണ് ഗുസ്തി താരങ്ങള്‍ കേന്ദ്രത്തിന് സമയം നല്‍കിയിരിക്കുന്നത്. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ താരങ്ങള്‍ സമരം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. കേന്ദ്രം നടപടിയെടുത്തില്ലെങ്കില്‍ 15ന് ശേഷം സമരം ആരംഭിക്കുമെന്നും താരങ്ങള്‍ പറഞ്ഞിരുന്നു.