ഡൽഹി മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിന് ജാമ്യം

ഡൽഹി മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിന് ജാമ്യം

ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവക്കണമെന്നാണ് കോടതി നിർദേശം.
Updated on
1 min read

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. ജാമ്യം നല്‍കരുതെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവക്കണമെന്നാണ് കോടതി നിര്‍ദേശം.

നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി സുപ്രീം കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ജൂണ്‍ രണ്ടിന് വീണ്ടും ജയിലിലേക്ക് പോകുകയായിരുന്നു. അവസാനഘട്ട വോട്ടെടുപ്പിന് ശേഷം കീഴടങ്ങാനായിരുന്നു കെജ്‌രിവാളിന് കോടതി നല്‍കിയ നിര്‍ദേശം. മാര്‍ച്ച് 21ന് അറസ്റ്റിലായ കെജ്രിവാള്‍ ജുഡീഷ്യല്‍, ഇ ഡി കസ്റ്റഡികളിലായി 50 ദിവസത്തോളം ജയിലില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു നേരത്തെ ജാമ്യം ലഭിച്ചത്. അറസ്റ്റിലായി മൂന്നു മാസം നാളെ തികയാനിരിക്കെയാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്.

അറസ്റ്റിലായി നാളെ മൂന്നു മാസം തികയാനിരിക്കെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്

മെയ് പത്തിനാണ് നേരത്തെ കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് പ്രചാരണത്തിന് ശേഷം ജൂണ്‍ രണ്ടിന് കെജ്‌രിവാള്‍ കീഴടങ്ങുകയായിരുന്നു. ജാമ്യം നീട്ടണമെന്ന് കെജ്‌രിവാള്‍ സൂപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു, എന്നാല്‍ കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരുന്നില്ല.

ഡൽഹി മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിന് ജാമ്യം
'ബലിയാടാകുന്നത്‌ ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയതിന്, പോരാട്ടം തുടരും'; ജാമ്യം തീര്‍ന്നു, കെജ്‌രിവാള്‍ ജയിലിലേക്ക്‌

മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. മദ്യനയവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതില്‍ കെജ്‌രിവാളിന് വ്യക്തമായ പങ്കാളിത്തമുണ്ടെന്നാണ് ഇ ഡിയുടെ ആരോപണം. 100 കോടി രൂപയടങ്ങിയ ചാക്കുകെട്ടുകള്‍ എഎപിക്ക് ലഭിച്ചെന്നും ഈ പണമാണ് ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചതെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു. എന്നാല്‍ ഇ ഡിയുടെ ആരോപണങ്ങളെല്ലാം കെജ്രിവാള്‍ തള്ളുകയും മേയ് പത്തിന് ജാമ്യം അനുവദിക്കുകയുമായിരുന്നു.

അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ചന്‍പ്രീത് സിങ് വ്യവസായികളില്‍ നിന്നും വലിയ തുക കൈപ്പറ്റിയെന്നും അരവിന്ദ് കെജ്‌രിവാള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ ബില്ലുകള്‍ അടച്ചെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) എസ് വി രാജു വാദിച്ചു. ഇ ഡിയുടെ കൈവശം കൃത്യമായ തെളിവുകള്‍ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത വിജയ് നായരെ ഇടനിലക്കാരനായി കെജ്‌രിവാള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും കെജ്‌രിവാളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം സംശയാതീതമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നുവെന്നും എഎസ്ജി പറയുന്നു.

എന്നാല്‍ ഷെഡ്യൂള്‍ഡ് കേസിലും പിഎംഎല്‍എ കേസിലും ജാമ്യം തേടുന്നതിനാലാണ് മനീഷ് സിസോദിയയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതെന്ന് വാദിച്ച കെജ് രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വിക്രം ചൗധരി എതിര്‍ഭാഗത്തിന്റെ വാദങ്ങള്‍ തള്ളി. സിബിഐ കേസില്‍ ഇതുവരെ കെജ് രിവാള്‍ പ്രതിയല്ല, സാക്ഷിയായാണ് അദ്ദേഹത്തെ വിളിപ്പിച്ചതെന്നുമാണ് രേഖകളിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐയെ നയിക്കേണ്ടത് ഇ ഡിയല്ലെന്നും അതൊരു സ്വതന്ത്ര ഏജന്‍സിയാണെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in