ഷർജീൽ ഇമാം
ഷർജീൽ ഇമാം

ജാമിയ കലാപക്കേസ്; ഷർജീൽ ഇമാമിന് ജാമ്യം, ജയിലിൽ തുടരും

ഷർജീലിനെതിരെ നിലനിൽക്കുന്ന മറ്റ് കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ തന്നെ തുടരും
Updated on
1 min read

പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത ജെഎൻയു മുൻ വിദ്യാർത്ഥി ഷർജീൽ ഇമാമിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജി അനുജ് അഗർവാളാണ് ഷർജീലിന് ജാമ്യം അനുവദിച്ചത്. എന്നാൽ ഷർജീലിനെതിരെ നിലനിൽക്കുന്ന മറ്റ് കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ തന്നെ തുടരും. 31 മാസമായി കസ്റ്റഡിയിൽ തുടരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ 436-എ പ്രകാരം ജാമ്യം തേടിയുള്ള ഷർജീൽ ഇമാമിന്റെ അപേക്ഷ പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി വിചാരണ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

ജാമ്യം തേടിയുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, സെക്ഷൻ 436-എ പ്രകാരം ഷർജീൽ വിചാരണ കോടതിയിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു. സെക്ഷൻ 436-എ പ്രകാരം ഒരു വ്യക്തി വിചാരണ അവസാനിക്കുന്നതിന് മുമ്പ് പരമാവധി ശിക്ഷയുടെ പകുതി വരെ തടവ് അനുഭവിച്ചാൽ കോടതിക്ക് ജാമ്യം അനുവദിക്കാം. ഒക്ടോബറിലെ ജാമ്യാപേക്ഷയിൽ വിചാരണക്കോടതി

2019 ജനുവരി 16ന് അലി​​ഗഢ് മുസ്ലിം സർവകലാശാലയിൽ പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്രസം​ഗിച്ചതിനാണ് ഷ‍ർജീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. അലി​ഗഢിലും ജാമിയ മിലിയയിലും മറ്റുമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത് ഷർജീൽ നടത്തിയ പ്രസം​ഗങ്ങൾ രാജ്യത്തെ വിഘടിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നതാണെന്നായിരുന്നു പോലീസിന്റെ ആക്ഷേപം. ഡൽഹിയിലെ ജാമിയ നഗറിൽ അക്രമം നടത്തിയെന്നാരോപിച്ചാണ് ന്യൂ ഫ്രണ്ട്സ് കോളനി പോലീസ് സ്റ്റേഷനിൽ രാജ്യദ്രോഹക്കുറ്റം ഷ‍ർജീലിനെതിരെ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

പൗരത്വ നിയമ ഭേദ​ഗതി ബില്ലിനെതിരായ പ്രതിഷേധങ്ങളിൽ റോഡ് ഉപരോധിച്ചത് ഷർജീലിന്റെ നേതൃത്വത്തിലായിരുന്നു. ജനക്കൂട്ടം റോഡിലെ ഗതാഗതം തടസപ്പെടുത്തുകയും പൊതു/സ്വകാര്യ വാഹനങ്ങൾക്കും വസ്തുവകകൾക്കും നാശം വരുത്തുകയും ചെയ്തുവെന്നാണ് പോലീസ് കേസ്. 2019 ഡിസംബർ 13ന് ഇമാം നടത്തിയ പ്രസംഗത്തിൽ കലാപകാരികൾ പ്രകോപിതരാവുകയും പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. സാമുദായിക സ്വൈര്യവും ഐക്യവും ദുർബലമാക്കാൻ ഷർജീലിന്റെ പ്രസം​​ഗം കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 2021 ഓക്ടോബറിൽ ഡൽഹി സാകേത് കോടതി സ്ഥിര ജാമ്യം നിഷേധിച്ചത്. എന്നാൽ ഷർജീലിന്റെ പ്രസം​ഗത്തിൽ പ്രകോപിതരായി ജനങ്ങൾ കലാപത്തിൽ ഏർപ്പെട്ടുവെന്നതിനുള്ള തെളിവുകൾ അപര്യാപ്തമാണെന്ന് അന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രസംഗം രാജ്യദ്രോഹക്കുറ്റമാണോയെന്ന് ഉറപ്പാക്കാൻ കൂടുതൽ പരിശോധന ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ തള്ളിയത്.

logo
The Fourth
www.thefourthnews.in