അപകീര്‍ത്തിക്കേസ്: കെജ്‌രിവാളിന്റെ വിശ്വസ്ത അതിഷിക്ക് സമന്‍സ്, 29-ന് നേരിട്ട് ഹാജരാകണം
അപകീര്‍ത്തിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തയും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയുമായ അതിഷിക്ക് കോടതിയില്‍ നിന്ന് തിരിച്ചടി. ബിജെപി പ്രവര്‍ത്തകനായ പ്രവീണ്‍ ശങ്കര്‍ കപൂര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഡല്‍ഹി റോസ് അവന്യു കോടതി അതിഷിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചു. ജൂണ്‍ 29-ന് കോടതിയില്‍ നേരിട്ടെത്താനാണ് സമന്‍സ്.
'കെജ്‌രിവാളിനെ കുടുക്കി, ഇനി അവരുടെ ലക്ഷ്യം താഴെയുള്ള നേതാക്കളെയാണ്. ഞങ്ങളുടെയെല്ലാം വസതികളില്‍ റെയ്ഡ് നടത്തുമെന്നും കേസില്‍ കുടുക്കുമെന്നും എനിക്കു മുന്നറിയിപ്പ് തന്നു'
അതിഷിയുടെ പരാമര്‍ശം
ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന അതിഷിയുടെ പരാമര്‍ശത്തിനെതിരേയാണ് ഹര്‍ജി. ''ഇത്തരം പരാമര്‍ശങ്ങളിലൂടെ അതിഷിയും, മറ്റ് ആം ആദ്മി പാര്‍ട്ടി നേതാക്കളും ബിജെപിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അതുവഴി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും ആരോപണം വ്യാജമാണെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും അത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാന്‍ അതിഷി ശ്രമിച്ചുവെന്നും'' ഹര്‍ജിയില്‍ ആരോപിക്കുന്നു.
സമാന പരാതിയില്‍ നേരത്തെ അതിഷിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ട് ബിജെപിയിലെ ഒരു പ്രമുഖ നേതാവ് തന്നെ സമീപിച്ചുവെന്നും കോഴ വാഗ്ദാനം ചെയ്തുവെന്നുമുള്ള അതിഷിയുടെ പരാമര്‍ശത്തിനെതിരേ നല്‍കിയ നടപടിയിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ഡല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു അതിഷിയുടെ ആ പരാമര്‍ശം. ''കെജ്‌രിവാളിനെ കുടുക്കി, ഇനി അവരുടെ ലക്ഷ്യം താഴെയുള്ള നേതാക്കളെയാണ്. ഞങ്ങളുടെയെല്ലാം വസതികളില്‍ റെയ്ഡ് നടത്തുമെന്നും കേസില്‍ കുടുക്കുമെന്നും എനിക്കു മുന്നറിയിപ്പ് തന്നു. അതിനു മുമ്പ് ബിജെപിയില്‍ ചേരാനാണ് ആവശ്യപ്പെടുന്നത്. അതിന് പണവും വാഗ്ദാനം ചെയ്തു''- എന്നായിരുന്നു അതിഷിയുടെ പരാമര്‍ശം.