രാജി സ്വീകരിച്ചില്ല; അരവിന്ദ് കെജ്‍രിവാളിന് വീണ്ടും കത്തയച്ച് ഡൽഹി മുൻ മന്ത്രി
തന്റെ രാജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയച്ച് ഡല്‍ഹി സാമൂഹ്യനീതി വകുപ്പ് മുന്‍ മന്ത്രി രാജ് കുമാര്‍ ആനന്ദ്. ആം ആദ്മി പാര്‍ട്ടിയില്‍ അഴിമതിയാണെന്ന് ആരോപിച്ച് കഴിഞ്ഞ മാസമാണ് രാജ് കുമാര്‍ രാജിവെച്ചത്.
''മുഖ്യമന്ത്രി ജയിലിലാണെന്നും അതുകൊണ്ട് ഒരു ഫയലിലും ഒപ്പുവെക്കാന്‍ സാധിക്കില്ലെന്നുമാണ് നേരത്തെ പറഞ്ഞത്. ഇപ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി അദ്ദേഹത്തിന് കത്തയച്ചിട്ടുണ്ട്. എന്റെ ടീമംഗം ഈ കത്ത് അദ്ദേഹത്തെ വസതിയില്‍ സന്ദര്‍ശിച്ച് കൈമാറി. അവര്‍ക്കു കത്ത് ലഭിച്ചെങ്കിലും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല,'' രാജ് കുമാര്‍ പറയുന്നു.
താന്‍ ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടിട്ടുണ്ടെന്നും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും രാജ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പുറത്തിറങ്ങിയിട്ട് നാല് ദിവസമായെന്നും രാജി ഇതുവരെ സ്വീകരിച്ചില്ലെന്നും രാജ് കുമാര്‍ വ്യക്തമാക്കി.
അതേസമയം രാജ്‌കുമാറിന് പകരമുള്ളയാളെ നിയമിക്കാത്തതിനാല്‍ ഫയലുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നും എന്നിരുന്നാലും പട്ടികജാതി-വർഗ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്നും സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആം ആദ്മിയിൽനിന്ന് രാജിവെച്ച രാജ്‌കുമാർ ഈ മാസം ആദ്യം ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്‌പി)യില്‍ ചേരുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍നിന്ന് അദ്ദേഹം മത്സരിക്കുന്നുമുണ്ട്.
മദ്യനയ ആരോപണക്കേസില്‍ മാര്‍ച്ച് 21ന് എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്ത കെജ്‍രിവാളിന് മേയ് 10ന് ഇടക്കാല ജാമ്യം സുപ്രീം കോടതി കെജ്‍രിവാളിന് അനുവദിക്കുകയായിരുന്നു. ജൂണ്‍ രണ്ട് വരെയാണ് ജാമ്യം. എന്നാല്‍ ഇടക്കാല ജാമ്യത്തിനുള്ള സമയത്ത് കെജ്‍രിവാളിന് ഫയലുകളില്‍ ഒപ്പുവെക്കാനോ മുഖ്യമന്ത്രിയുടെ ഓഫീസോ സെക്രട്ടറിയേറ്റോ സന്ദര്‍ശിക്കാൻ പാടില്ലെന്നുമാണ് ഉത്തരവ്.
രാജ് കുമാര്‍ ആനന്ദിന്റെ വസതിയിൽ ഇ ഡി റെയ്‌ഡ് നടത്തിയതിനുപിന്നാലെയാണ് അദ്ദേഹം ആം ആദ്മിയില്‍നിന്ന് രാജിവച്ചത്. പാര്‍ട്ടിയില്‍ അഴിമതിക്കാര്‍ നിറഞ്ഞിരിക്കുകയാണെന്നും ദളിത്, ഒബിസി വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി ബഹുമാനം നല്‍കുന്നില്ലെന്നുമായിരുന്നു രാജിക്കു പിന്നാലെ ഇദ്ദേഹം ആരോപിച്ചത്. മന്ത്രി സ്ഥാനത്തിനൊപ്പം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും പട്ടേല്‍ നഗറില്‍ നിന്നുള്ള എംഎൽഎയായ രാജ് കുമാര്‍ ആനന്ദ് രാജിവെച്ചിരുന്നു. എഎപി സംഘടന ജനറല്‍ സെക്രട്ടറി സന്ദീപ് പഥകിനായിരുന്നു രാജി സമര്‍പ്പിച്ചത്.