മദ്യനയക്കേസില്‍ മനീഷ് സിസോദിയയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ
ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഒന്നാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ബിസിനസുകാരനും ബ്രിന്‍ഡ്‌കോ സെയിൽസ് ലിമിറ്റഡിന്റെ ടോപ് എക്‌സിക്യൂട്ടീവുമായ അമന്‍ദീപ് ധാല്‍, മുന്‍ ബിആര്‍എസ് ഓഡിറ്റര്‍ ബുച്ചിബാബു, ബിആര്‍എസ് നേതാവ് കെ കവിത എന്നിവരും സിബിഐ പ്രതിചേര്‍ത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.ചൊവ്വാഴ്ച ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മറ്റുള്ളവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ഊര്‍ജമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ , അഴിമതി, സിബിഐയും ഇഡിയും ചേര്‍ന്ന് അന്വേഷിക്കുന്ന മദ്യനയക്കേസ് എന്നിവയുമായി ബന്ധപ്പെട്ട് ഏപ്രില്‍ 17 ന് ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരുന്നു. കുറ്റപത്രത്തിലെ വാദങ്ങള്‍ ഡല്‍ഹി റോസ് അവന്യു കോടതി മെയ് 12 ന് പരിഗണിക്കും. ഐപിസി u/s 120B, 201, 420, അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 7, 7A, 8, 13 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സിബിഐ സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്.
ഐപിസി u/s 120B, 201, 420, അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 7, 7A, 8, 13 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 26നാണ് ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് വിളിച്ചുവരുത്തിയ സിസോദിയയെ അറസ്റ്റ് ചെയ്തത്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് സിസോദിയ. പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ദില്ലി എക്‌സൈസ് കമ്മീഷണറായിരുന്ന അരവ ഗോപികൃഷ്ണ, മുതിര്‍ന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സിസോദിയയുമായി ചേര്‍ന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികള്‍ക്ക് അനധികൃതമായി ടെണ്ടര്‍ സംഘടിപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍.