അധികാരത്തർക്കം: ഓർഡിനൻസിനെതിരെ ഡൽഹി സർക്കാർ നിയമനടപടിക്ക്; പുനഃപരിശോധനാ ഹർജി നൽകി കേന്ദ്രം
ഡൽഹി അധികാരത്തർക്കം അവസാനിക്കുന്നില്ല. സർവീസ് കാര്യങ്ങളിൽ അധികാരം സംസ്ഥാന സർക്കാരിനെന്ന ഭരണഘടനാബെഞ്ചിന്റെ ഉത്തരവിന് ശേഷവും കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടുകയാണ്. സുപ്രീം കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ച കേന്ദ്ര സർക്കാർ, ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജി സമർപ്പിച്ചു. കടുത്ത ഭാഷയിൽ കേന്ദ്രത്തെ വിമർശിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഓർഡിനൻസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
മെയ് 11നാണ് ഡൽഹി അധികാരത്തർക്കത്തിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്. എന്‍ട്രി രണ്ടിന്റെ ഭാഗമായുള്ള പോലീസ്, ആഭ്യന്തരം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ടത് ഒഴികെയുള്ള നിയമനങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന്റെ പരിധിയില്‍ വരുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
ഡൽഹിയിലെ ഭരണം ഏറ്റെടുക്കാൻ കേന്ദ്രത്തിനാകില്ല. ഒരു ജനാധിപത്യ ഭരണക്രമത്തില്‍ യഥാര്‍ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനായിരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ഇതിനെതിരെയാണ് കേന്ദ്രം വീണ്ടും നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ ദേശീയ തലസ്ഥാന സിവിൽ സർവീസ് അതോറിറ്റി രൂപീകരിക്കാൻ കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധിയിലൂടെ ഡൽഹി സർക്കാരിന് കിട്ടിയ അധികാരം മറികടക്കാനാണ് കേന്ദ്രം പുതിയ ഓർഡിനൻസിറക്കിയതെന്ന ആരോപണം ശക്തമാണ്. സ്ഥലം മാറ്റം, നിയമനം എന്നിവ തീരുമാനിക്കുന്നതിന് അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നീ അംഗങ്ങൾ അടങ്ങുന്നതാണ് അതോറിറ്റി.
കേന്ദ്ര സർക്കാരും അതോറിറ്റിയുമായി ചർച്ചനടത്തിയ ശേഷമാണ് വിവിധ ചുമതലകളിലേക്കും വകുപ്പുകളിലേക്കും ഉദ്യോഗസ്ഥരെ നിയമിക്കുക. എന്നാൽ അംഗങ്ങൾ തമ്മിൽ അഭിപ്രായ വിത്യാസമുണ്ടായാൽ അന്തിമ തീരുമാനം എടുക്കുന്നത് ലഫ്റ്റനന്റ് ഗവര്ണറായിരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
ഡൽഹി സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് 'എ' ഓഫീസർമാരുടെയും ദാദ്ര- നഗർ ഹവേലി സർവീസിലുള്ള(ഡാനിക്സ്) ഉദ്യോഗസ്ഥരുടെയും സ്ഥലം മാറ്റവും നിയമനവും സംബന്ധിച്ചും തീരുമാനമെടുക്കുന്നതും അതോറിറ്റിയായിരിക്കും.
ഓർഡിനൻസ് സുപ്രീംകോടതിയെ അപമാനിക്കലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. ''സുപ്രീംകോടതി ഉത്തരവ് വന്ന് ഒരാഴ്ചയ്ക്കകം അത് അവര്‍ അട്ടിമറിച്ചു. പരസ്യമായി സുപ്രീംകോടതിയെ വെല്ലുവിളിക്കുകയാണ് കേന്ദ്രം. ഇത് നേരിട്ടുള്ള കോടതിയലക്ഷ്യം''- കേന്ദ്രത്തിനെതിരെ അരവിന്ദ് കെജ്രിവാള്‍ തുറന്നടിച്ചു. ഓര്‍ഡിനന്‍സിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലെ വൈരുദ്ധ്യം നീക്കുന്നതിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്നാണ് കേന്ദ്രത്തിന്റെ വാദം. സുപ്രീംകോടതി വിധിക്ക് പിന്നാലെ കെജ്‌രിവാൾ സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അധികാരങ്ങൾ ദുരുപയോഗം ചെയ്യുകയുമാണെന്ന് ബിജെപിയും ആരോപിച്ചു.
ഡൽഹിയുടെ അന്തസ് നിലനിർത്തുന്നതിനും ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഓർഡിനൻസ് അനിവാര്യമാണെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഡൽഹി ദേശീയ തലസ്ഥാനമാണ്, ഇവിടെ എന്ത് സംഭവിച്ചാലും രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാരെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.