സിസോദിയയ്ക്ക് രോഗിയായ ഭാര്യയെ സന്ദർശിക്കാം; ഉപാധികളോടെ അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ ജയിലില്‍ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് രോഗിയായ ഭാര്യയെ കാണാൻ അനുമതി നൽകി ഡല്‍ഹി ഹൈക്കോടതി. ശനിയാഴ്ച രാവിലെ 10നും വൈകിട്ട് 5നുമിടയിൽ വീട്ടിലെത്തി ഭാര്യയെ കാണാനാണ് അനുമതി. ജസ്റ്റിസ് ദിനേശ് കുമാർ ശർമയുടേതാണ് ഉത്തരവ്.
ഒരു തരത്തിലും മാധ്യമങ്ങളുമായി ആശയവിനിമയം നടത്താന്‍ പാടില്ലെന്നും കുടുംബാംഗങ്ങളൊഴികെ മറ്റാരെയും കാണാനോ ഫോണ്‍, ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കാനോ പാടില്ലെന്നുമുള്ള ഉപാധികളോടെയാണ് അനുമതി.
ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി വീണ്ടും ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇത് കോടതി ജൂലൈ നാലിലേക്ക് ലിസ്റ്റ് ചെയ്തു
സിബിഐ കേസിൽ സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി മെയ് 30ന് തള്ളിയിരുന്നു. 18 വകുപ്പുകളുള്ള ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നതിനാലും സാക്ഷികൾ കൂടുതലും പൊതുപ്രവർത്തകരായതിനാലും സിസോദിയ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന നിരീക്ഷണത്തിന്മേലാണ് കോടതി ജാമ്യം നിഷേധിച്ചത്.
ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി വീണ്ടും ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇത് കോടതി ജൂലൈ നാലിലേക്ക് ലിസ്റ്റ് ചെയ്തു. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മുഖേന ഇ ഡി ഇടക്കാല ജാമ്യാപേക്ഷയെ എതിർത്തിരുന്നു. മുൻപും സമാനമായ കാരണങ്ങളാൽ ഇടക്കാല ജാമ്യാപേക്ഷ നൽകിയിരുന്നതായും ഇത് സിസോദിയ പിൻവലിച്ചതായും ഇ ഡി ആരോപിച്ചു.
മാർച്ച് 31ന് ഡൽഹിയിലെ വിചാരണ കോടതി സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഡൽഹി എക്സൈസ് നയ കേസുമായി ബന്ധപ്പെട്ടുള്ള ക്രിമിനൽ ഗൂഢാലോചനയിൽ മുൻ എക്സൈസ് മന്ത്രിയായ സിസോദിയ ഏറ്റവും പ്രധാനപ്പെട്ടതും സുപ്രധാനവുമായ പങ്ക് വഹിച്ചതായി പ്രത്യേക സിബിഐ ജഡ്ജി എംകെ നാഗ്പാൽ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ പ്രഥമദൃഷ്ട്യാ വിലയിരുത്തിയിരുന്നു. ഈ വിധിക്കെതിരെയാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രിൽ 28ന് ഇഡിയുടെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലും വിചാരണ കോടതി ജാമ്യം നിഷേധിച്ചിരുന്നു.
ഫെബ്രുവരി 26നാണ് മദ്യനയ കേസിൽ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് മാർച്ച് ഒൻപതിന് ഇഡിയും അറസ്റ്റ് രേഖപ്പെടുത്തി.