മഹുവയ്ക്ക് തിരിച്ചടി; ഇഡി വാര്‍ത്ത ചോര്‍ത്തുന്നത് തടയണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി
വിദേശ നാണയ ചട്ടം ലംഘിച്ച കേസില്‍ മാധ്യമങ്ങള്‍ക്ക് ഇഡി വിവരം ചോര്‍ത്തി നല്‍കുന്നത് തടയണം എന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങള്‍ ഉള്‍പ്പെടെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വരുന്നത് തടയണം എന്നായിരന്നു മഹുവയുടെ ആവശ്യം.
ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഫെമ ലംഘനത്തെ കുറിച്ച് ന്യായവും സുതാര്യവുമായ അന്വേഷണം നടത്തുന്നതിന് പകരം, സമന്‍സിന്റേയും ഏജന്‍സിക്ക് സമര്‍പ്പിച്ച പ്രാഥമിക വിവരങ്ങളുടേയും വിശദാംശങ്ങള്‍ ഇഡി മനപ്പൂര്‍വം ദുരുദ്ദേശത്തോടെ ചോര്‍ത്തുകയാണെന്ന് മഹുവ ഹര്‍ജിയില്‍ ആരോപിച്ചു. അന്വേഷണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നതിലൂടെ പൊതുമധ്യത്തില്‍ തന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്താന്‍ ഇഡി ശ്രമിക്കുകയാണെന്നും മഹുവ ആരോപിച്ചു.
സ്ഥിരീകരിക്കാത്തതും തെറ്റായതും അപകീര്‍ത്തിപരവുമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് 19 മാധ്യമസ്ഥാപനങ്ങളെ വിലക്കണമെന്നും മഹുവ ആവശ്യപ്പെട്ടു. ഇത്തരം വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷണത്തെ തടസപ്പെടുത്തുകയും സ്വകാര്യതയ്ക്കും അന്തസിനും ന്യായമായ അന്വേഷണത്തിനുമുള്ള തന്റെ അവകാശത്തെ ഹനിക്കുന്നതാണെന്നും അവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
താന്‍ വേട്ടയാപ്പെടുകയാണെന്നും തനിക്ക് സമന്‍സ് അയച്ചു എന്ന് ഇഡി വെളിപ്പെടുത്താതെ മാധ്യമങ്ങള്‍ക്ക് എങ്ങനെ ഈ വിവരം ലഭിച്ചുവെന്നും ഹര്‍ജിയില്‍ മഹുവ ചോദിച്ചു. ഏത് മാര്‍ഗം വഴിയാണ് വിവരങ്ങള്‍ ചോര്‍ന്നത് എന്നത് സംബന്ധിച്ച് അറിയില്ലെന്നാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ ന്ത്രാലയത്തിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയില്‍ അറിയിച്ചത്. കേസുമായോ അന്വേഷണവുമായോ ബന്ധപ്പെട്ട് വാര്‍ത്താ കുറിപ്പുകള്‍ ഇറക്കിയിട്ടില്ലെന്നും ഒരു വിവരവും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും ഇഡി വാദിച്ചു.
മഹുവ മൊയ്ത്ര കോടതിയെ സമീപിക്കുന്നു എന്ന വാര്‍ത്ത എങ്ങനെയാണ് മാധ്യമങ്ങളില്‍ വന്നതെന്ന് കോടതി ചോദിച്ചു. മഹുവ മൊയ്ത്രപൊതു രംഗത്ത് ഇടപെടുന്ന വ്യക്തിയാണെന്നും കോടതി നിരീക്ഷിച്ചു. മൂന്നു കക്ഷികളുടേയും വാദം കേട്ട ശേഷം, ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് മഹുവയുടെ ഹര്‍ജി തള്ളുകയായിരുന്നു.