ധന്യ രാജേന്ദ്രനും ഡിജിപബ്ബിനുമെതിരെ വ്യാജവാർത്ത: ജനം ടിവി ഉൾപ്പെടെ പിൻവലിക്കണമെന്ന് ഡൽഹി ഹൈക്കോടതി
മാധ്യമപ്രവർത്തകയും ദ ന്യൂസ് മിനിറ്റ് എഡിറ്റർ ഇൻ ചീഫുമായ ധന്യ രാജേന്ദ്രനെതിരെ പ്രസിദ്ധീകരിച്ച വ്യാജവാർത്തകൾ നീക്കം ചെയ്യാൻ ജന്മഭൂമിയും ജനം ടിവിയും ഉൾപ്പെടെയുള്ള നാല് മാധ്യമങ്ങളോട് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. ശതകോടീശ്വരൻ ജോർജ് സോറോസിന്റെ ഏജന്റാണ് ധന്യ രാജേന്ദ്രൻ എന്നായിരുന്നു വാർത്ത. കർമ ന്യൂസ്, ന്യൂസ് ഇന്ത്യ മലയാളം എന്നിവയ്ക്കും ഉത്തരവ് ബാധകമാണ്.
യൂട്യുബിലും വെബ്സൈറ്റിലുമായി പ്രസിദ്ധീകരിച്ച എല്ലാ വ്യാജവാർത്തകളും പത്ത് ദിവസത്തിനുള്ളിൽ പിൻവലിക്കണമെന്നാണ് കോടതി ഉത്തരവ്. ധന്യരാജേന്ദ്രന് പുറമെ നൂറിലധികം ഡിജിറ്റൽ മീഡിയ ഓർഗനൈസേഷനുകളുടെയും സ്വതന്ത്ര പത്രപ്രവർത്തകരുടെയും കൂട്ടായ്മയായ ഡിജിപബ്ബിനെതിരെയും നിരവധി ആരോപണങ്ങൾ മേല്പറഞ്ഞ മാധ്യമസ്ഥാപനങ്ങൾ ഉന്നയിച്ചിരുന്നു.
സ്വതന്ത്ര മാധ്യമപ്രവർത്തകരായ ബർഖ ദത്ത്, രവീഷ് കുമാർ എന്നിവരും വാർത്താ പ്രസിദ്ധീകരണങ്ങളായ ആൾട്ട് ന്യൂസ്, ദി വയർ, ദി ക്വിൻ്റ്, സ്ക്രോൾ, ദി ന്യൂസ് മിനിറ്റ്, ന്യൂസ്‌ലോൺഡ്രി എന്നിവരും അടങ്ങിയ കൂട്ടായ്മയാണ് ഡിജിപബ്. ധന്യ രാജേന്ദ്രൻ ചെയർപേഴ്‌സണായ ഈ കൂട്ടായ്മ വഴിയാണ് അന്താരാഷ്ട്ര ശൃംഖലയുടെ പണമെത്തുന്നതെന്നും ചില ലേഖനങ്ങൾ ആരോപിച്ചിരുന്നു.
ആരോപണങ്ങൾ അപകീർത്തികരമാണെന്ന് ജൂലൈ 15ന് ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംഘടനയുടെയും ധന്യ രാജേന്ദ്രറെയും സൽപ്പേരിന് കളങ്കം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അവരുടെ നീക്കമെന്നും കോടതി പറഞ്ഞു. അതിനാൽ അതിനാൽ, ജോർജ്ജ് സോറസിൽനിന്നും അദ്ദേഹത്തിൻ്റെ സംഘടനയിൽനിന്നും ഫണ്ട് കൈപ്പറ്റിയെന്ന അപകീർത്തികരമായ ലേഖനങ്ങളും യൂട്യൂബ് വീഡിയോകളും നീക്കം ചെയ്യണമെന്ന് കേരളത്തിലെ വാർത്താ ചാനലുകളായ കർമ്മ ന്യൂസ്, ജനം ടിവി, മലയാളം പത്രമായ ജന്മഭൂമി എന്നിവരോട് നിർദ്ദേശിച്ചു
ധന്യ രാജേന്ദ്രനും ഡിജിപബും സോറോസിൻ്റെ ഏജൻ്റുമാരാണെന്നും ഡിജിപബ് വഴി ഇന്ത്യൻ ഓൺലൈൻ മാധ്യമങ്ങൾക്ക് പണം നൽകിയതായി കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ടെന്നും വീഡിയോകളിലും ലേഖനങ്ങളിലും ആരോപിച്ചിരുന്നു. "ഇന്ത്യയിൽ തടസ്സമുണ്ടാക്കാൻ വിദേശ പണത്തിൻ്റെ ചാലകങ്ങളായി" പ്രവർത്തിക്കുന്നുവെന്നും അതുവഴി രാജ്യത്തിൻ്റെ അഖണ്ഡതയെയും സുരക്ഷയെയും ബാധിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും അവ ആക്ഷേപം ഉന്നയിച്ചിരുന്നു.