ജാമിയ മില്ലിയ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാം ഉൾപ്പെടെ 11 പേരെ കുറ്റവിമുക്തമാക്കിയത് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ ജാമിയ മില്ലിയ സർവകലാശാലയിലുണ്ടായ സംഘര്‍ഷം സംബന്ധിച്ച കേസിൽ വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഇമാം ഉൾപ്പെടെ കുറ്റവിമുക്തമാക്കിയത് ഭാഗികമായി റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി. സഫൂറ സര്‍ഗാര്‍, ആസിഫ് തന്‍ഹ അടക്കമുള്ള പതിനൊന്ന് പേരെ വെറുതെ വിട്ട ഡല്‍ഹി സാകേത് കോടതിയുടെ നടപടിയാണ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കിയത്.
''ഇവിടെ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നില്ല. കോടതി അതിന്റെ കടമയെക്കുറിച്ച് ബോധവാന്മാരാണ്. സമാധാനപരമായി ഒത്തുചേരാനുള്ള അവകാശവും നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. സ്വത്തുക്കള്‍ക്കും സമാധാനത്തിനും ഉണ്ടാകുന്ന നാശം അംഗീകരിക്കാനാവില്ല,'' ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ വ്യക്തമാക്കി.
വിചാരണക്കോടതി ഉത്തരവ് ഭാഗികമായി റദ്ദാക്കിയ ഹൈക്കോടതി ഷര്‍ജീല്‍ ഇമാം, സഫൂറ സർഗാർ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരുള്‍പ്പെടെയുള്ള ഒന്‍പത് പേര്‍ക്കെതിരെ കലാപം, നിയമവിരുദ്ധമായ സംഘം ചേരല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും വ്യക്തമാക്കി.
2019 ലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജെഎന്‍യു വിദ്യാര്‍ഥികളുടെ പ്രതിഷേധം നടന്നത്. ഗവേഷക വിദ്യാര്‍ഥിയും വിദ്യാര്‍ഥി നേതാവുമായ ഷര്‍ജീല്‍ ഇമാമിന്റെ നേതൃത്വത്തില്‍ ഷഹീന്‍ബാഗിലും മറ്റുമായി നിരവധി പ്രതിഷേധ പരിപാടികള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
പ്രതിഷേധ പരിപാടിക്കിടെ ഷര്‍ജീല്‍ ഇമാം നടത്തിയ പല പ്രസംഗങ്ങളും ഇന്ത്യയെ വിഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണെന്നായിരുന്നു പോലീസിന്റെ ആക്ഷേപം. ആക്ടിവിസ്റ്റായ ഉമര്‍ ഖാലിദ്, വിദ്യാര്‍ത്ഥി നേതാക്കളായ ഷര്‍ജീല്‍ ഇമാം, ഫൈസാന്‍ ഖാന്‍ എന്നിവര്‍ ഉൾപ്പെടയുള്ളവർക്കെതിരെ നവംബര്‍ 22 നാണ് ഡൽഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.