ആദായനികുതി കേസിൽ കോൺഗ്രസിന് തിരിച്ചടി; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി
ആദായനികുതി കേസിൽ കോൺഗ്രസിന് തിരിച്ചടി. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി തള്ളി ഡൽഹി ഹൈക്കോടതി. മൂന്ന് വർഷത്തെ നികുതി വരുമാനം പുനർനിർണയിക്കുന്നതിനെതിരായ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്ര കുമാർ കൗരവ് എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് വിധി. 2018 -19 സാമ്പത്തികവർഷത്തെ നികുതി കോൺഗ്രസ് നൽകിയില്ലെന്നു കാട്ടി പാർട്ടിയുടെ വിവിധ അക്കൗണ്ടുകളിലെ 115 കോടി രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. എംപിമാര്‍ നല്‍കിയ സംഭാവനയാണെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം അവഗണിച്ചാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.
കോൺഗ്രസ് 250 കോടി രൂപയോളം നികുതിവെട്ടിപ്പ് നടത്തിയെന്ന് ആദായനികുതി വകുപ്പ് ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. പാര്‍ട്ടിക്ക് കിട്ടിയ 199 കോടി രൂപ സംഭാവനയില്‍ 14 ലക്ഷം രൂപ അനധികൃതമെന്ന് ചൂണ്ടിക്കാട്ടി 210 കോടി രൂപ പിഴ ചുമത്തിയിരുന്നു. കോൺഗ്രസിന്റെ 2014 മുതല്‍ 2017 വരെയുള്ള നികുതി കുടിശിക 520 കോടിയെന്നാണ് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയെ ഇൻകം ടാക്സ് വിഭാഗം അറിയിച്ചത്.
കോൺഗ്രസിന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് മരവിപ്പിപ്പ് കോൺഗ്രസിനെ തിരഞ്ഞെടുപ്പ് കാലത്ത് സാമ്പത്തികമായി തകർക്കാൻ നരേന്ദ്രമോദി ഗൂഢനീക്കം നടത്തുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവർ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. അക്കൗണ്ടുകള്‍ മരവിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്‍കാന്‍ പോലും പണം പാര്‍ട്ടിയുടെ കൈയിലില്ലെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. രാഷ്രീയ പാര്‍ട്ടികൾ ആദായ നികുതി നല്‍കേണ്ടതില്ലെന്നാണ് നിലവിലെ ചട്ടമെന്നിരിക്കേ ബിജെപിയടക്കം ഒരു പാര്‍ട്ടിയും നികുതി നല്‍കുന്നില്ലെന്നും, കോണ്‍ഗ്രസിനെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു.
അതേസമയം, കോൺഗ്രസിന്റെ ആരോപണങ്ങൾ ബിജെപി നിഷേധിച്ചു, നികുതി വെട്ടിപ്പിൽ കോൺഗ്രസ് കുറ്റക്കാരനാണെന്നും അതുകൊണ്ടാണ് നടപടി നേരിടേണ്ടി വന്നതെന്നുമാണ് ബിജെപിയുടെ പക്ഷം.