തടവുകാരുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമെന്ന് ഡൽഹി ഹൈക്കോടതി
തടവുകാരുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അവരുടെ മാനസികവും വൈകാരികവുമായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ജയിൽ അധികൃതർ ബോധവാന്മായിരിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി. എല്ലാ ജയിലുകളിലും ഒരു കൗൺസിലറെയോ സൈക്യാട്രിസ്റ്റിനെയോ നിയോഗിക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് സ്വരണ കാന്ത ശർമ നിർദേശിച്ചു. കുറ്റവാളികൾക്കുള്ള മാനസികാരോഗ്യ ചികിത്സകൾക്കായി പതിവായി വർക്ഷോപ്പുകൾ സംഘടിപ്പിക്കാൻ ഡൽഹി സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ദീർഘനാളത്തെ തടവുശിക്ഷ കുറ്റവാളിയുടെ "പോസിറ്റീവ് വികാരങ്ങളും ജീവിതത്തോടുള്ള സംതൃപ്തിയും" നഷ്ടപ്പെടുത്തും. സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ തടവ് ശിക്ഷ പരിമിതപ്പെടുത്തുമെങ്കിലും അത് കുറ്റവാളിയുടെ മറ്റ് മനുഷ്യാവകാശങ്ങളെ പരിമിതപ്പെടുത്തുന്നില്ല. തടവുകാരുടെ അന്തസ്സും അവകാശവും അവരുടെ മാനസികവും വൈകാരികവുമായ ആരോഗ്യവും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ജയിലിൽ നിന്ന് മോചിതരായ ശേഷം സമൂഹവുമായി ഇടപെഴകുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുന്നുവെന്നും കോടതി ഉത്തരവിൽ പറയുന്നു.
ഒരു കുറ്റവാളി ജയിലിൽ മാനസികവും വൈകാരികവുമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നതായി കണ്ടെത്തിയാൽ അയാൾക്ക് കൗൺസിലിങ്ങും ബദൽ ചികിത്സകളും ഒരുക്കണം. ഡൽഹിയിലെ എല്ലാ ജയിലുകളിലും ഒരു കൗൺസിലറിനെയോ സൈക്യാട്രിസ്റ്റിനെയോ നിയമിക്കണം. ആരോഗ്യപ്രശ്‌നം തിരിച്ചറിഞ്ഞ ശേഷം ബന്ധപ്പെട്ട ജയിൽ സൂപ്രണ്ടോ വാർഡനോ അത്തരം തടവുകാരെ മാനസികരോഗ വിദഗ്ധന് മുമ്പാകെ കൗൺസിലിങ്ങിനായി ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഒരു കൊലക്കേസ് പ്രതി പരോളിന് വേണ്ടി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 2013ൽ അറസ്റ്റിലായതു മുതൽ തുടർച്ചയായി പ്രതി ജയിലിൽ കഴിയുകയാണെന്ന് പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു. ജയിലിലെ ഹർജിക്കാരന്റെ പെരുമാറ്റം തൃപ്തികരമല്ലെന്നും ജയിൽ ചട്ടങ്ങൾ ലംഘിച്ചതിന് 13 തവണ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇയാളുടെ ജാമ്യം നിരസിച്ചത്.
ദീർഘനാളായി തടവിൽ കഴിയുന്ന കുറ്റവാളികൾ വിഷാദരോഗവും മറ്റ് വൈകാരിക അസ്വസ്ഥതകളും അനുഭവിച്ചേക്കാം, അത് അവരുടെ ദൈനംദിന പെരുമാറ്റത്തെ ബാധിച്ചേക്കാമെന്ന് കോടതി പറഞ്ഞു. ജയിലിലെ ഒരു കുറ്റവാളി മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങൾ കാണിക്കുകയോ ജയിലിനുള്ളിൽ ആവർത്തിച്ച് ശിക്ഷിക്കപ്പെടുകയോ ചെയ്‌താൽ അത് ബന്ധപ്പെട്ട മനഃശാസ്ത്രജ്ഞന്റെ ശ്രദ്ധയിൽപ്പെടുത്തണം. ഒരു കുറ്റവാളി ജയിൽ മോചിതനാകുമ്പോൾ അയാൾ നല്ല പൗരനായി മാറുന്നത് ഉറപ്പാക്കേണ്ട സമയമാണിത്. അയാളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിചരിച്ചാൽ മാത്രമേ ഇത് സാധിക്കൂ എന്നും കോടതി ചൂണ്ടിക്കാട്ടി.