ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് പരാതി; കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ ആരോഗ്യനില സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് പരാതി; കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ ആരോഗ്യനില സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മാലിക് ഇത്തരത്തില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്
Updated on
1 min read

ഭീകരാക്രമണക്കേസില്‍ ജീവപര്യന്ത്യം തടവിന് ശിക്ഷിച്ച കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ ആരോഗ്യനില സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഹൃദ്രോഗവും വൃക്ക സംബന്ധമായ അസുഖങ്ങളില്‍ ചികിത്സിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യാസിന് മാലിക് നവംബര്‍ 1 മുതല്‍ നിരാഹാര സമരം നടത്തുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു. 2018ലെ ഡല്‍ഹി ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് മാലിക്കിന് ആവശ്യമായ വൈദ്യചികിത്സ നല്‍കാനും ജസ്റ്റിസ് അനൂപ് കുമാര്‍ തിഹാര്‍ ജയില്‍ സൂപ്രണ്ടിനോട് നിര്‍ദേശിച്ചു. മാലിക്കിന്റെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദ്ദേശിച്ചു.

നിരോധിത ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (ജെകെഎല്‍എഫ്) മുന്‍ തലവനാണ് മാലിക് , നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ) പ്രകാരം തീവ്രവാദ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണിപ്പോള്‍ .

തന്റെ ആരോഗ്യപ്രശ്നങ്ങളുടെ ജയില്‍ അധിക്യതര്‍ അവഗണിക്കുകയാണെന്നാണ് പരാതി. ബൈലാറ്ററല്‍ കിഡ്നി സ്റ്റോണുകള്‍ ഉള്ളതിനാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ക്രമരഹിതമായ വൈദ്യചികിത്സ കാരണം അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദുര്‍ബലമാകുകയാണെന്നും കോമയിലേക്ക് വഴുതി വീണേക്കാമെന്നും ചൂണ്ടികാട്ടിയാണ് ഹര്‍ജി.

തടവുകാലത്ത് മൗലികാവകാശങ്ങള്‍ നിഷേധിക്കാവുന്നതല്ല . ഇത് നിയമത്തിന്റെ സ്ഥിരമായ തത്വമാണ്,അതിനാല്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലോ (എയിംസ്) ഡല്‍ഹിയിലോ ശ്രീനഗറിലോ ഉള്ള മറ്റേതെങ്കിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലോ തന്റെ ചികിത്സയ്ക്ക് ഉത്തരവിടണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മാലിക് ഇത്തരത്തില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്.

ആവശ്യമുള്ളപ്പോള്‍ ആവശ്യമായ എല്ലാ ചികിത്സയും നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ ഹൈക്കോടതി ഇത്തരമൊരു ഹര്‍ജി തീര്‍പ്പാക്കിയിരുന്നു .

logo
The Fourth
www.thefourthnews.in