സൈനിക വിരുദ്ധ ട്വീറ്റ്; ഷെഹ്‌ല റാഷിദിനെ രാജ്യദ്രോഹക്കേസില്‍ വിചാരണ ചെയ്യാൻ അനുമതി

സൈനിക വിരുദ്ധ ട്വീറ്റ്; ഷെഹ്‌ല റാഷിദിനെ രാജ്യദ്രോഹക്കേസില്‍ വിചാരണ ചെയ്യാൻ അനുമതി

കശ്മീരിൽ സായുധ സേന വീടുകൾ കൊള്ളയടിക്കുകയും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്നായിരുന്നു ഷെഹ്‌ലയുടെ ട്വീറ്റ്
Updated on
1 min read

സൈനിക വിരുദ്ധ ട്വീറ്റില്‍ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദിനെ രാജ്യദ്രോഹക്കേസില്‍ വിചാരണ ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന. സൈന്യത്തിനെതിരെ ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് ഷെഹ്‌ലയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്.

2019ല്‍, അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവയുടെ പരാതിയിലാണ് ഷെഹ്‌ലയ്ക്കെതിരെ ഡല്‍ഹിയിലെ സപെഷ്യല്‍ സെല്‍ പോലീസ് സ്റ്റേഷനില്‍ ഐപിസി സെക്ഷന്‍ 153 എ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള അവരുടെ ട്വീറ്റ് വ്യത്യസ്ത സംഘങ്ങള്‍ക്കിടയിലെ ശത്രുത വളര്‍ത്താന്‍ ലക്ഷ്യമിട്ടതും സൗഹാര്‍ദം കാത്തുസൂക്ഷിക്കാനെന്ന മുന്‍വിധിയോടെ ഇടപെടുന്നതും ആയിരുന്നുവെന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് പറഞ്ഞു. കേസിന്റെ സ്വഭാവം, ട്വീറ്റുകൾ പരാമർശിക്കുന്ന സ്ഥലം, സൈന്യത്തിനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നിവ ഗൗരവമുള്ള വിഷയമാണെന്ന് ആഭ്യന്തര വകുപ്പും പറഞ്ഞു.

കശ്മീരിൽ സായുധ സേന വീടുകൾ കൊള്ളയടിക്കുകയും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്നായിരുന്നു ഷെഹ്‌ലയുടെ ട്വീറ്റ്. 'രാത്രിയില്‍ സായുധ സേനകള്‍ വീടുകളില്‍ കയറി ആണ്‍കുട്ടികളെ പിടികൂടി കൊണ്ടുപോകുകയും വീടുകള്‍ കൊള്ളയടിക്കുകയും ചെയ്യുന്നു. ബോധപൂര്‍വം റേഷന്‍ തറയില്‍ കളയുന്നു. അരിയില്‍ എണ്ണ കലര്‍ത്തുന്നു'- എന്നായിരുന്നു 2019 ഓഗസ്റ്റില്‍ ഷെഹ്‌ല ട്വീറ്റ് ചെയ്തത്.

'ഷോപിയാനില്‍ 4 പേരെ ആര്‍മി ക്യാമ്പിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. അവരുടെ അടുത്ത് ഒരു മൈക്ക് വെച്ചതിനാല്‍ പ്രദേശം മുഴുവന്‍ അവരുടെ നിലവിളി കേട്ടു. ഇത് പ്രദേശമാകെ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു'- മറ്റൊരു ട്വീറ്റില്‍ ഷെഹ്‌ല കുറിച്ചു. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഷഹ്‌ലയുടെ അവകാശവാദങ്ങള്‍ തള്ളുകയും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറയുകയും ചെയ്തു.

ജമ്മു കശ്മീരിലുള്ള വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും സൈന്യം അന്വേഷണം നടത്താന്‍ തയ്യാറാണെങ്കില്‍ താന്‍ തെളിവുകൾ ഹാജരാക്കുമെന്നും ഷെഹ്‌ല പറഞ്ഞിരുന്നു.ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി കേന്ദ്രം റദ്ദാക്കിയതിന് ശേഷം സൈന്യം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ഷെഹ്‌ല നിരന്തരം ട്വീറ്റ് ചെയ്തിരുന്നു. രാജ്യദ്രോഹം, മതത്തിന്റെ പേരില്‍ വിവിധ വിഭാഗങ്ങൾക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍, കലാപം ലക്ഷ്യമിട്ട് ബോധപൂർവം പ്രകോപനമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഷെഹ്‌ലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in