ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: മാപ്പുസാക്ഷിയായ ശരത് റെഡ്ഡിയുടെ കമ്പനി ബിജെപിക്ക് സംഭാവന നല്‍കിയത് 55 കോടി രൂപ
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മാപ്പുസാക്ഷിയായ പി ശരത് ചന്ദ്ര റെഡ്ഡിയുടെ കമ്പനി അരബിന്ദൊ ഫാർമ ലിമിറ്റഡ് ബിജെപിക്ക് കൈമാറിയത് 55 കോടി രൂപ മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകള്‍. 2022 നവംബറില്‍ ശരതിനെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ അഞ്ച് കോടി രൂപയാണ് കമ്പനി ബിജെപിക്ക് സംഭാവന നല്‍കിയത്.
കേസില്‍ ജാമ്യാപേക്ഷയുമായി ശരത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇ ഡി എതിർത്തിരുന്നില്ല. 2023 മേയില്‍ കോടതി ജാമ്യം നല്‍കുകയും ജൂണില്‍ ശരത് മാപ്പുസാക്ഷിയാകുകയും ചെയ്തു.
രണ്ട് മാസത്തിന് ശേഷം കമ്പനി 25 കോടി രൂപ കൂടി ബിജെപിക്ക് സംഭാവനയായി നല്‍കി. പിന്നാലെ എപിഎല്‍ ഹെല്‍ത്ത്‌കെയർ ലിമിറ്റഡിന്റെ പേരില്‍ ശരത് 10 കോടിയും സംഭാവന ചെയ്തു. അരബിന്ദോയുടെ ഡയറക്ടർമാരിലൊരാളായ രഗുനാഥന്‍ കണ്ണന്‍ 15 കോടി രൂപയും നല്‍കിയിട്ടുണ്ട്. ഇവ മൂന്നും 2023 നവംബർ എട്ടിനാണ്.
ശരതിന്റെ അറസ്റ്റിന് മുന്‍പ് ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്), തെലുങ്ക് ദേശം പാർട്ടി (ടിഡിപി) എന്നീ പാർട്ടികള്‍ക്ക് കമ്പനി ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയിരുന്നു.
കേസില്‍ ഇന്നലെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ വസതിയില്‍ എത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റെയ്ഡില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നന്നും തന്റെ അറസ്റ്റ് തടയണമെന്നുമുള്ള കെജ്‌രിവാളിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു നടപടി.
അഴിമതിയില്‍ കെജ്‌രിവാളാണ് മുഖ്യ സൂത്രധാരനെന്ന് ഇ ഡി കോടതിയെ അറിയിച്ചു. കെജ്‌രിവാളിനെ ചോദ്യം ചെയ്യാൻ 10 ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും ഇ ഡി റോസ് അവന്യു കോടതിയിൽ വാദിച്ചിട്ടുണ്ട്.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് സൗത്ത് ഗ്രൂപ്പിൽനിന്ന് ലഭിച്ച 45 കോടി രൂപയുടെ കോഴ ആം ആദ്മി പാർട്ടി ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചതായി ഇ ഡിക്കുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ (എ എസ് ജി) എസ് വി രാജു പ്രത്യേക സിബിഐ ജഡ്ജി കാവേരി ബവേജ മുൻപാകെ ബോധിപ്പിച്ചു. 100 കോടി മാത്രമല്ല, കോഴ നൽകിയ കമ്പനികൾക്ക് ലഭിക്കുന്ന ലാഭത്തിന്റെ പങ്കും എ എ പിക്ക് ലഭിച്ചിരുന്നതായും എ എസ് ജി ആരോപിച്ചു.
നേരത്തെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ, ബിആർഎസ് നേതാവ് കെ കവിത എന്നിവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.