ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാള്‍ പുറത്തേക്ക്, ഇടക്കാല ജാമ്യം

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാള്‍ പുറത്തേക്ക്, ഇടക്കാല ജാമ്യം

ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്
Updated on
2 min read

മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കെജ്‌രിവാളിന് ഇടക്കാലം ജാമ്യം നല്‍കരുതെന്ന ഇഡിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഇ ഡി അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. മാർച്ച് 21ന് അറസ്റ്റിലായ കെജ്‌രിവാൾ ജുഡീഷ്യല്‍, ഇ ഡി കസ്റ്റഡികളിലായി 50 ദിവസത്തോളമാണ് കെജ്‌രിവാള്‍ ജയിലില്‍ കഴിഞ്ഞത്. വിശദമായ ഉത്തരവ് വൈകാതെ പുറപ്പെടുവിക്കുമെന്നും കേസിൽ അടുത്തയാഴ്ചയോടെ വാദം കേൾക്കൽ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും കോടതി വ്യക്തമാക്കി.

കെജ്‌രിവാളിന് ജൂൺ നാല് വരെ ജാമ്യം അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‌വി കോടതിയോട് അഭ്യർഥിച്ചത്. എന്നാൽ കെജ്‌രിവാൾ ജൂൺ രണ്ടിന് തിരികെ ഹാജരാവണമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപാങ്കർ ദത്തയും ഉൾപ്പെട്ടെ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കുകയായിരുന്നു. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എന്തൊക്കെ പറയണമെന്നും എന്ത് പറയരുതുമെന്നതിൽ കെജ്‌രിവാളിന് കോടതിയുടെ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഷദൻ ഫറസത് പറഞ്ഞു.

ജാമ്യം നല്‍കുന്നതിനെ ഇഡി എതിര്‍ത്തിരുന്നു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണം മൗലികമോ, ഭരണഘടനാപരമോ ആയ അവകാശമല്ലെന്നും വ്യാഴാഴ്ച നല്‍കിയ സത്യവാങ്മൂലത്തില്‍ ഇ ഡി പറയുന്നു. ഒരു രാഷ്ട്രീയ നേതാവിനും പ്രചാരണത്തിന് വേണ്ടി ജാമ്യം ലഭിച്ചിട്ടില്ലെന്നും കെജ്രിവാളിനെ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് ജയിലില്‍ നിന്ന് പുറത്തുവിടുന്നത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും ഇഡി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാള്‍ പുറത്തേക്ക്, ഇടക്കാല ജാമ്യം
370-ാം ഭേദഗതി റദ്ദാക്കിയത് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് അവകാശ വാദം; എന്നാല്‍ കശ്മീരില്‍ മത്സരിക്കാതെ ഒളിച്ചോടി ബിജെപി!

കേസ് പരിഗണിക്കവെ, അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയുടെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ''തിരഞ്ഞെടുപ്പ് നടക്കുകയാണ്. അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്. അദ്ദേഹം ഒരു സ്ഥിരം കുറ്റവാളിയല്ല,'' ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി ഹൈക്കോടതി മേയ് 20 വരെ നീട്ടിയിരുന്നു. നേരത്തെ, ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിനെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് ചെയ്യാന്‍ ഉത്തരവുകളൊന്നും ഇല്ലാതെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ സാധ്യമാണോയെന്നും കോടതി ചോദിച്ചിരുന്നു. ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം നല്‍കണമെന്നും ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാള്‍ പുറത്തേക്ക്, ഇടക്കാല ജാമ്യം
നരേന്ദ്ര ദാഭോല്‍ക്കര്‍ വധം: രണ്ട് സതാതൻ സൻസ്ഥ പ്രവർത്തകര്‍ക്ക് ജീവപര്യന്തം, മൂന്നുപേരെ വെറുതെവിട്ടു

കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് സാധാരണക്കാര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ആറ് മാസത്തിനിടെ ഒന്‍പത് തവണയാണ് ഇ ഡിയുടെ സമന്‍സ് കെജ്‌രിവാള്‍ അവഗണിച്ചതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണത്തില്‍ സഹകരിക്കുകയും സമന്‍സുകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നെങ്കില്‍ അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലാകുമായിരുന്നില്ല എന്തെങ്കിലും ദുരുപയോഗം ഉണ്ടാകുമോയെന്ന് പരിശോധിച്ചാണ് ഇടക്കാല ജാമ്യം അനുവദിക്കുകയെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

അതേസമയം, മോചനം ലഭിച്ചാല്‍ മുഖ്യമന്ത്രി എന്നതരത്തിലുള്ള ഔദ്യോഗിക ഇടപെടലുകള്‍ കെജ്‌രിവാള്‍ നടത്തില്ലെന്ന് ഞങ്ങള്‍ കരുതുന്നെന്നും തിരഞ്ഞെടുപ്പ് എന്നത് ഇല്ലായിരുന്നെങ്കില്‍ ഇടക്കാലജാമ്യമെന്നത് കോടതി പരിഗണിക്കുകയേ ഇല്ലായിരുന്നെന്ന് ജസ്റ്റിസ് ദീപാങ്കുര്‍ ദത്ത നിരീക്ഷിച്ചിരുന്നു. ഇടക്കാല ജാമ്യം ലഭിച്ചാല്‍ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളൊന്നും കെകാര്യം ചെയ്യില്ലെന്ന് കെജ്‌രിവാള്‍ കോടതിയെ അറിയിച്ചു.

logo
The Fourth
www.thefourthnews.in