ഡൽഹി മദ്യനയക്കേസും ബിജെപി- എഎപി രാഷ്ട്രീയ പോരും; സിസോദിയയെ കുരുക്കിയ നാൾവഴികൾ
2021-22 ലെ ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കേസിലാണ് എക്‌സൈസ് വകുപ്പിന്‌റെ ചുമതല കൂടി ഉണ്ടായിരുന്ന മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ മദ്യം നയം നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയെങ്കിലും സിബിഐയും എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റും അന്വേഷണം ശക്തമാക്കിയിരുന്നു. നിരവധി തവണ ചോദ്യം ചെയ്തതിന് ശേഷമാണ് ഇന്ന് സിബിഐ സിസോദിയെയ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് വൃത്തികെട്ട രാഷ്ട്രീയമെന്ന് കെജ്രിവാൾ പ്രതികരിച്ചു. കേന്ദ്ര- സംസ്ഥാന തർക്കം രൂക്ഷമായ ഡൽഹിയിൽ, ബിജെപി - എഎപി പോരിന്റെ പുതിയ ഘട്ടം തുറക്കുകയാണ് സിസോദിയയുടെ അറസ്റ്റിലൂടെ.
നിയമലംഘനങ്ങളും നടപടിക്രമങ്ങളിലെ പിഴവുകളും സംബന്ധിച്ച് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതിന് പിന്നാലെ ഇഡിയും സിബിഐയും ഉപമുഖ്യമന്ത്രിയുടെ വീടുൾപ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഒന്നിലധികം തവണ പരിശോധന നടത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട നാൾവഴികൾ
പുതിയ എക്സൈസ് നയം നടപ്പിലാക്കുന്നതിലെ ചട്ടലംഘനങ്ങൾക്കും നടപടിക്രമങ്ങളിലെ പിഴവുകൾക്കും എതിരെ സിബിഐ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേന 2022 ജൂലൈ 22 ന് ശുപാർശ ചെയ്യുന്നു. മദ്യവിൽപ്പനയുമായ ബന്ധപ്പെട്ട ലൈസൻസികൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്ന് ഡൽഹി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറഞ്ഞതിന് പിന്നാലെയാണ് ഉത്തരവ്. ക്രമക്കേടുകളിൽ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കാനും ഡൽഹി ചീഫ് സെക്രട്ടറിയോട് സക്സേന ഉത്തരവിട്ടു.
ഡൽഹി ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി (ഭേദഗതി) ആക്ട് 1991, ബിസിനസ് റൂൾസ് ആക്ട് 1993, ഡൽഹി എക്സൈസ് ആക്ട് 2009, ഡൽഹി എക്സൈസ് റൂൾസ് 2010 എന്നിവയുടെ ലംഘനങ്ങൾ നടന്നതായി ഡൽഹി ചീഫ് സെക്രട്ടറിയുടെ 2022 ജൂലൈ 8 ലെ റിപ്പോർട്ട് കണ്ടെത്തി. ഉപമുഖ്യമന്ത്രി നിയമ വ്യവസ്ഥകൾ ലംഘിച്ച് സുപ്രധാന തീരുമാനങ്ങളും നടപടികളും എടുത്തതായി റിപ്പോർട്ടിൽ പരാമർശിക്കുകയുണ്ടായി. ഒപ്പം വലിയ രീതിയിലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ എക്സൈസ് നയത്തെ പറ്റിയും സൂചിപ്പിച്ചു. പുതിയ ഒരു നയം നിലവിൽ വരുന്നത് വരെ ആറ് മാസത്തേക്ക് പഴയ നയം പുനഃസ്ഥാപിക്കാൻ 2022 ജൂലൈ 28-ന് ഡൽഹി സർക്കാർ എക്‌സൈസ് വകുപ്പിന്റെ തലവൻ കൂടിയായ മനീഷ് സിസോദിയ വകുപ്പിന് നിർദ്ദേശം നൽകി.
എക്സൈസ് നയം എഎപിയും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പോരിന് കാരണമായി. പുതിയ എക്സൈസ് നയവുമായി ബന്ധപ്പെട്ട് വഞ്ചന, കൈക്കൂലി എന്നീ കുറ്റങ്ങൾ ചുമത്തി മനീഷ് സിസോദിയയ്ക്കും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കും വ്യവസായികൾക്കുമെതിരെ ആഗസ്റ്റ് 17ന് സിബിഐ കേസ് രജിസ്റ്റർ ചെയ്തു. പക്ഷെ, പിന്നീട് അതുപേക്ഷിച്ചു. ഓഗസ്റ്റ് 19 ന് മനീഷ് സിസോദിയയുടെയും എഎപിയിലെ മറ്റ് മൂന്ന് അംഗങ്ങളുടെയും വസതിയിൽ സിബിഐ റെയ്ഡ് നടത്തി.
ഓഗസ്റ്റ് 22ന് ഇഡി സിബിഐയിൽ നിന്ന് കേസിന്റെ വിശദാംശങ്ങൾ തേടുകയും എക്സൈസ് നയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിന് കേസെടുക്കുകയും ചെയ്തു. ഗാസിയാബാദിലെ സെക്ടർ 4 വസുന്ധരയിലുള്ള പിഎൻബി ശാഖയിൽ അഞ്ച് സിബിഐ ഉദ്യോഗസ്ഥരുടെ സംഘം എത്തി മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കറുകളിൽ ഓഗസ്റ്റ് 30 ന് പരിശോധന നടത്തി. എന്നാൽ, തന്റെ ലോക്കറുകളിൽ നിന്ന് സിബിഐ ഒന്നും കണ്ടെത്തിയില്ലെന്നും അന്വേഷണ ഏജൻസി ക്ലീൻ ചിറ്റ് നൽകിയെന്നും സിസോദിയ അവകാശപ്പെട്ടു.
സ്വകാര്യ വ്യക്തികളുടെയും അവരുടെ സ്ഥാപനങ്ങളിലും ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 35 സ്ഥലങ്ങളിൽ സെപ്റ്റംബർ 6 നും 16 നുമായി ഇഡി റെയ്ഡ് നടത്തി. മുംബൈ, തെലങ്കാന, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലും ഇഡി റെയ്ഡ് നടത്തി. സെപ്റ്റംബർ 19ന് എഎപി എംഎൽഎ ദുർഗേഷ് പഥക്കിനെ ഇ ഡി വിളിച്ചുവരുത്തുകയും കേസുമായി ബന്ധപ്പെട്ട് 10 മണിക്കൂർ ചോദ്യം ചെയ്യുകയും ചെയ്തു. സെപ്റ്റംബർ 27നാണ് കേസിലെ ആദ്യത്തെ അറസ്റ്റ് സിബിഐ നടത്തുന്നത്. എഎപി കമ്മ്യൂണിക്കേഷൻ ഇൻചാർജ് വിജയ് നായരാണ് അറസ്റ്റിലായത്. എക്സൈസ് നയ കേസിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ഇയാളെന്ന് വൃത്തങ്ങൾ അറിയിച്ചത്. സെപ്റ്റംബർ 28ന് ആയിരുന്നു അടുത്ത അറസ്റ്റ്. മദ്യ വ്യാപാരി സമീർ മഹേന്ദ്രുവിനെയായിരുന്നു ഇഡി അറസ്റ്റ് ചെയ്തത്.
ഒക്ടോബർ ഏഴിന് ഡൽഹി , തെലങ്കാന, പഞ്ചാബ് തുടങ്ങിയ 35 ഓളം സ്ഥലങ്ങളിലായി ഇ ഡി തെരച്ചിൽ നടത്തി. മദ്യനയത്തിന്റെ ഗുണഭോക്താവായ ഒരു വ്യക്തിയുടെ സ്ഥലത്ത് നിന്ന് ഒരു കോടി രൂപയും പിടിച്ചെടുത്തു. ഒക്‌ടോബർ 10ന് സിബിഐ അടുത്ത അറസ്റ്റ് രേഖപ്പെടുത്തി. ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള ചില മദ്യ വ്യാപാരികൾക്ക് വേണ്ടി ലോബിയിൻ നടത്തിയിരുന്ന അഭിഷേക് ബോയിൻപള്ളിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇയാളാണ് മദ്യനയ അഴിമതിയുടെ ഇടനിലക്കാരനെന്നാണ് കണ്ടെത്തൽ
ഒക്‌ടോബർ 17ന് ഡൽഹി എക്‌സൈസ് പോളിസി കേസിൽ മനീഷ് സിസോദിയയെ സിബിഐ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു. എഎപി വിട്ട് ബിജെപിയിൽ ചേരാൻ സമ്മർദം ഉണ്ടായതായി അദ്ദേഹം ചോദ്യംചെയ്യലിന് ശേഷം ആരോപിച്ചിരുന്നു. നവംബർ 14ന് ഡൽഹി എക്സൈസ് കേസിൽ വിജയ് നായരെയും വ്യവസായി അഭിഷേക് ബോയിൻപള്ളിയെയും ഇഡി കസ്റ്റഡിയിൽ എടുത്തു. നവംബർ 25ന് മനീഷ് സിസോദിയയെ പ്രതി ചേർക്കാതെ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. വിജയ് നായർ, അഭിഷേക് ബോയിൻപള്ളി എന്നിവരുൾപ്പെടെ ഏഴ് പ്രതികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
ഗുരുഗ്രാം ആസ്ഥാനമായുള്ള ബഡ്ഡി റീട്ടെയിലിന്റെ ഡയറക്ടറും മനീഷ് സിസോദിയയുടെ അടുത്ത അനുയായിയുമായ അമിത് അറോറയെ നവംബർ 30 ന് ഇഡി അറസ്റ്റ് ചെയ്തു. നവംബർ 30ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ എൽ സി കൽവകുന്ത്ല കവിതയെ ഇ ഡി അഴിമതിക്കേസിൽ ഉൾപ്പെടുത്തി. ശരത് റെഡ്ഡി, കെ കവിത, മഗുന്ത ശ്രീനിവാസുലു റെഡ്ഡി എന്നിവരുടെ നിയന്ത്രണത്തിലുള്ള സൗത്ത് ഗ്രൂപ്പിൽ നിന്ന് മദ്യ നയ അഴിമതിക്കേസിലെ മുഖ്യപ്രതി വിജയ് നായർക്ക് 100 കോടി രൂപയെങ്കിലും കൈക്കൂലി ലഭിച്ചതായി ഇഡി റിമാൻഡ് റിപ്പോർട്ടിൽ അവകാശപ്പെട്ടു.
ഡിസംബർ 11ന് ഡൽഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് കെ കവിതയെ ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിൽ വച്ച് സിബിഐ ചോദ്യം ചെയ്തു. ഫെബ്രുവരി ഒൻപതിന് ചാരിയറ്റ് അഡ്വർടൈസിങ്ങിലെ രാജേഷ് ജോഷിയെ ഇ ഡി അറസ്റ്റ് ചെയ്തു. ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എഎപി ഇദ്ദേഹത്തെ ഉപയോഗിച്ചുവെന്നാണ് ആരോപണം. ഫെബ്രുവരി 18ന് മനീഷ് സിസോദിയയെ സിബിഐ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. പക്ഷെ, ബജറ്റ് ഒരുക്കങ്ങളുടെ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യൽ മാറ്റിവയ്ക്കാൻ സിസോദിയ സിബിഐയോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് സിബിഐ പുതിയ സമൻസ് പുറപ്പെടുവിക്കുകയും ഫെബ്രുവരി 26 ന് ചോദ്യം ചെയ്യാൻ വിളിക്കുകയും ചെയ്തത്.