'യാത്ര ചെയ്യുക, പ്രശ്നമുണ്ടാക്കരുത്'; ഡല്‍ഹി മെട്രോയില്‍ റീല്‍ ചിത്രീകരണത്തിന് വിലക്ക്
ഡല്‍ഹി മെട്രോയില്‍ ഇനി മുതല്‍ റീല്‍ വീഡിയോ ചിത്രീകരണം അനുവദിക്കില്ല. ഇന്‍സ്റ്റഗ്രാം റീലുകള്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. സഹയാത്രികര്‍ക്ക് ശല്യവും അസൗകര്യവുമായി മാറുന്നതിനാല്‍ ഇത്തരം വീഡിയോകള്‍ ചെയ്യുന്നതില്‍ നിന്നും ഡല്‍ഹി മെട്രൊ കോര്‍പ്പറേഷന്‍ യാത്രക്കാരെ വിലക്കി. ലൈക്കും കമന്റും പ്രതീക്ഷിച്ച് നടത്തുന്ന വീഡിയോ ചിത്രീകരണം സഹയാത്രികര്‍ക്ക് ശല്യവും അസൗകര്യവുമുണ്ടാക്കുന്നുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് തീരുമാനം.
മെട്രോ കോച്ചുകള്‍ക്കുള്ളില്‍ വീഡിയോകള്‍ ചിത്രീകരിക്കരുതെന്ന് ഡിഎംആര്‍സി യാത്രക്കാരോട് പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയതായി ഡിഎംആര്‍സി അറിയിച്ചത്. 'യാത്ര ചെയ്യുക, പ്രശ്നമുണ്ടാക്കരുത്' എന്ന് ഡല്‍ഹി മെട്രോ ഒരു ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. ചിത്രീകരണ റീലുകളോ ഡാന്‍സ് വീഡിയോകളോ യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കുന്ന മറ്റേതെങ്കിലും പ്രവര്‍ത്തനങ്ങളോ ഡല്‍ഹി മെട്രോയ്ക്കുള്ളില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു, എന്ന വാചകത്തോടെ പോസ്റ്റര്‍ പങ്കുവയ്ക്കുകയും ചെയ്തു.
നിരവധിപേരാണ് തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇതാദ്യമായല്ല ഡല്‍ഹി മെട്രോ ഇത്തരത്തിലൊരു സന്ദേശം നല്‍കുന്നത്. ഓസ്‌കാര്‍ നേടിയ 'നാട്ടു നാട്ടു' എന്ന ഗാനത്തില്‍ നിന്നുള്ള ഗാനം പങ്കുവച്ച് ഫെബ്രുവരിയല്‍ ഡല്‍ഹി മെട്രോ ഒരു സന്ദേശം പുറത്തിറത്തിറക്കിയിരുന്നു. 'നൃത്തം രസകരമാണ്, പക്ഷേ ഡല്‍ഹി മെട്രോയില്‍ നൃത്തം വേണ്ട' എന്നതായിരുന്നു അത്.