ജി20 ഉച്ചകോടിക്ക് മുമ്പ് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങള്‍ നിറഞ്ഞ് ഡല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍; അന്വേഷണം ആരംഭിച്ചു
ഡൽഹി മെട്രോ സ്റ്റേഷനുകളുടെ ചുവരുകൾ ഖലിസ്ഥാൻ അനുകൂല എഴുത്തുകൾ കൊണ്ട് വികൃതമാക്കി നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) പ്രവർത്തകർ. 'ഡൽഹി ബനേഗാ ഖലിസ്ഥാൻ', 'ഖലിസ്ഥാൻ സിന്ദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മെട്രോ സ്‌റ്റേഷനുകളുടെ ചുവരുകളില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.
ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രഗതി മൈതാനത്തേക്ക് വിവിധ സ്ഥലങ്ങളിൽ നിന്ന് ഡൽഹി പോലീസ് പരേഡ് റിഹേഴ്സൽ നടത്തിയ ദിവസമാണ് സംഭവമെന്നതും ശ്രദ്ധേയമായി. സെപ്റ്റംബർ 9,10 തീയതികളിലാണ് ജി20 ഉച്ചകോടി.
ഡൽഹിയിലെ പഞ്ചാബി ബാഗ്, ശിവാജി പാർക്ക്, മാഡിപൂർ, പശ്ചിമ വിഹാർ, ഉദ്യോഗ് നഗർ, മഹാരാജ സൂരജ്മൽ സ്റ്റേഡിയം തുടങ്ങി നിരവധി മെട്രോ സ്റ്റേഷനുകളുടെ ചുവരുകളാണ് മുദ്രാവാക്യങ്ങൾ കൊണ്ട് ഖലിസ്ഥാൻ പ്രവർത്തകർ വികൃതമാക്കിയത്. മഹാരാജ സൂരജ്മൽ സ്റ്റേഡിയം മെട്രോ സ്‌റ്റേഷന്റെ ചുവരിലെ ഖലിസ്ഥാൻ മുദ്രാവാക്യങ്ങൾ ഡൽഹി പോലീസ് നീക്കം ചെയ്തു.
മുദ്രാവാക്യങ്ങൾ എഴുതിയ മെട്രോ സ്റ്റേഷനുകളുടെ ദൃശ്യങ്ങൾ എസ്എഫ്‌ജെ തന്നെ പുറത്തുവിട്ടതായി പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘർഷ സാധ്യതയും സുരക്ഷയും കണക്കിലെടുത്ത് വിവിധ സ്ഥലങ്ങളിലായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. നിയമനടപടി സ്വീകരിച്ചതായി പോലീസ് വ്യക്തമാക്കി.