ഡല്‍ഹി കൊലപാതകം: ആന്തരികാവയവങ്ങള്‍ക്ക് പരുക്കുമായി ശ്രദ്ധ നേരത്തെയും ചികിത്സതേടി; അഫ്താബിനെതിരെ കൂടുതല്‍ തെളിവുകള്‍
ഡല്‍ഹിയില്‍ പങ്കാളിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ശരീരം ഉപേക്ഷിച്ച കേസില്‍ കൂടുല്‍ തെളിവുകള്‍ പുറത്ത്. അഫ്താബ് അമീന്‍ പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്ത് വന്നത്. അഫ്താബിനൊപ്പം താമസിക്കുന്ന സമയത്ത് മുഖത്ത് മുറിവുകളുമായി മുംബൈയില്‍ ചികിത്സ തേടിയിരുന്നു, 2020 ഡിസംബര്‍ 3 നും 6 നും ഇടയില്‍ മുബൈയ്ക്ക് സമീപമുള്ള വസായിലെ ഒരു ആശുപത്രിയിലായിരുന്നു ശ്രദ്ധ ചികിത്സ തേടിയത്. കൊലപാതകത്തിന് മുന്‍പും അഫ്താബ് ശ്രദ്ധയെ ഉപദ്രവിച്ചിരുന്നു എന്നതിന്റെ ശക്തമായ തെളിവുകളാണ് ഇത്.
ശ്രദ്ധയ്ക്ക് പുറമേ വലിയ കുഴപ്പങ്ങള്‍ ഒന്നും ഇല്ലായിരുന്നെങ്കിലും ആന്തരികമായി പല പരിക്കുകളും ഉണ്ടായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍ പറയുന്നു. അത് വീണതിന്റെയോ മറ്റാരോ അടിക്കുകയോ ചെയ്തതിന്റെ തെളിവുകളാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. ഓസോണ്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ശ്രദ്ധയെ ചികിത്സിച്ച ഡോക്ടര്‍ ശിവപ്രസാദാണ് ഇത് സ്ഥിരീകരിച്ചത്. തുടര്‍ ചികിത്സക്കായി ശ്രദ്ധ പിന്നീട് ആശുപത്രിയിലെത്തിയിട്ടില്ലെന്നും ഡോക്ടര്‍ കൂട്ടിചേര്‍ത്തു.
തുടര്‍ ചികിത്സക്കായി ശ്രദ്ധ ഒരിക്കലും മടങ്ങി വന്നിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു
കഴുത്ത് വേദന, നടുവേദന, കൈ കാല്‍ വേദന എന്നിവയായിരുന്നു ശ്രദ്ധയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍. ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് ശ്രദ്ധയുടെ സുഹൃത്തുക്കള്‍ ഇതിന് മുന്‍പ് മൊഴി നല്‍കിയിട്ടുണ്ട്. പല സുഹൃത്തുക്കളോടും അഫ്താബ് അമീന്‍ ശാരീരികമായി പീഡിപ്പിക്കുന്നതിനെപ്പറ്റി ശ്രദ്ധ പറഞ്ഞിട്ടുണ്ട്. ജീവനില്‍ ഭയമുള്ളതായി ശ്രദ്ധ പറഞ്ഞതായും സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. അവര്‍ക്കിടയില്‍ വഴക്ക് സാധാരണമായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് ബംബിള്‍ എന്ന ഡേറ്റിംങ് ആപ്പിലൂടെയാണ് ശ്രദ്ധയും അഫ്താബും പരിചയപ്പെടുന്നത്.
അഫ്താബുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ശ്രദ്ധ പലതവണ ശ്രമിച്ചതാണ്
അഫ്താബുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ശ്രദ്ധ പലതവണ ശ്രമിച്ചതാണ്. പക്ഷേ അതിനവള്‍ക്ക് സാധിച്ചില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. മെയ് 18 നാണ് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തിലേയ്ക്ക് എത്തിയതെന്നാണ് വിലയിരുത്തല്‍. പിന്നീട് ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. ശരീര ഭാഗങ്ങള്‍ സൂക്ഷിക്കുന്നതിനായി പ്രത്യേകം ഒരു ഫ്രിഡ്ജ് വാങ്ങിയിരുന്നു. ഓരോ ദിവസവും പുലര്‍ച്ചെ രണ്ട് മണി കഴിഞ്ഞാണ് ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കാന്‍ അഫ്താബ് ഫ്‌ളാറ്റ് വിട്ട് ഇറങ്ങിയിരുന്നത് എന്നാണ് വിലയിരുത്തല്‍.