10 വർഷം കേരളത്തിലെ ജയിലില്‍, പുറത്തിറങ്ങിയിട്ടും അവസാനിപ്പിച്ചില്ല;
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിച്ചോര്‍ പിടിയില്‍

10 വർഷം കേരളത്തിലെ ജയിലില്‍, പുറത്തിറങ്ങിയിട്ടും അവസാനിപ്പിച്ചില്ല; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിച്ചോര്‍ പിടിയില്‍

ബണ്ടിച്ചോറിനെതിരെ 2012 വരെ അഞ്ഞൂറോളം മോഷണ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്
Updated on
1 min read

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിച്ചോർ ഡല്‍ഹി പോലീസിന്റെ പിടിയില്‍. ഉത്തര്‍പ്രദേശിലെ കാൺപൂറില്‍ നിന്നാണ് ബണ്ടിച്ചോറെന്നറിയപ്പെടുന്ന ദേവിന്ദര്‍ സിങിനെ അറസ്റ്റുചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ഗ്രേറ്റ് കൈലാഷിലെ രണ്ട് വീടുകളില്‍ മോഷണം നടത്തി ഒളിവില്‍ കഴിയുകയായിരുന്നു സിങിനെ അന്വേഷണസംഘം യുപിയിലെത്തി പിടികൂടുകയായിരുന്നു.

രണ്ട് ലാപ്‌ടോപ്പ്, മൂന്ന് മൊബൈല്‍ ഫോൺ, അഞ്ച് എല്‍സിഡി എന്നിവയടക്കം നിരവധി മോഷണ വസ്തുക്കളും പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്നെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (സൗത്ത്) ചന്ദ്ര ചൗദരി പറഞ്ഞു.

2013 ജനുവരി 21ന് വിദേശ മലയാളിയായ വേണുഗോപാല്‍ നായരുടെ തിരുവനന്തപുരം പട്ടം മരപ്പാലത്തെ വീട്ടില്‍ നടത്തിയ കവര്‍ച്ചയെ തുടര്‍ന്ന് ബണ്ടിച്ചോറിനെ കേരളാ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 10 വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് ജനുവരി 27നാണ് ഇയാള്‍ ജയിലില്‍ നിന്നും മോചിതനായത്. തുടർന്ന് ഡല്‍ഹിയിലെത്തിയ സിങ് മോഷണം വീണ്ടും ആരംഭിക്കുകയായിരുന്നു.

ബണ്ടിച്ചോറിനെതിരെ 2012 വരെ അഞ്ഞൂറോളം മോഷണ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്

ആഡംബര വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം ആസൂത്രണം ചെയ്യുന്ന രീതി പിന്‍തുടര്‍ന്ന ബണ്ടിച്ചോറിനെതിരെ 2012 വരെ അഞ്ഞൂറോളം മോഷണ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1993 ലാണ് ആദ്യത്തെ കേസെടുത്തത്. പിന്നീട് പല സംസ്ഥാനങ്ങളില്‍വച്ചും പിടിയിലായിട്ടുണ്ടെങ്കിലും പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത് നിരവധി തവണയാണ്. ഡല്‍ഹി, ചെന്നൈ, ചണ്ഡിഗഢ് എന്നിവിടങ്ങളിലെ ജയില്‍ നിന്ന് പല തവണ രക്ഷപ്പെട്ടിട്ടുണ്ട്.

1993 മുതല്‍ നിരവധി സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിട്ടുണ്ടെങ്കിലും സ്വന്തമായി ഒരു വീടോ ഒരു തരി ഭൂമിയോ സ്വന്തമാക്കിയിട്ടില്ല. ആഡംബര ഹോട്ടലുകളില്‍ ജീവിച്ചു വരികയാണ് പതിവ്. സമ്പന്നരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ശേഷം അവരെ കൊള്ളയടിക്കുകയുമാണ് പതിവ്. ഫാന്‍സി കാറുകളോടും ആഡംബര വാച്ചുകളോടുമുള്ള സിങ്ങിന്റെ ഇഷ്ടവും പ്രസിദ്ധമാണ്.

2010ലെ ഹിന്ദി ബിഗ് ബോസിലെ മത്സരാര്‍ഥിയായുള്ള ബണ്ടിച്ചോറിന്റെ അരങ്ങേറ്റവും ഏവരേയും ഞെട്ടിച്ചിരുന്നു

2008 ല്‍ പുറത്തിറങ്ങിയ ജനപ്രിയ സിനിമയായ 'ഓയെ ലക്കി ലക്കി ഓയെ ' ബണ്ടിച്ചോറിന്റെ ജീവിതത്തെ ആധാരമാക്കി സംവിധാനം ചെയ്ത ചിത്രമാണ്. റോബിന്‍ഹുഡ് പരിവേഷം നല്‍കിയ ഈ ചിത്രം സിങ്ങിന് ജനശ്രദ്ധ നേടിക്കൊടുത്തു. പിന്നീട് 2010ലെ ഹിന്ദി ബിഗ് ബോസിലെ മത്സരാര്‍ഥിയായുള്ള ബണ്ടിച്ചോറിന്റെ അരങ്ങേറ്റവും ഏവരേയും ഞെട്ടിച്ചിരുന്നു.

logo
The Fourth
www.thefourthnews.in