ഓസ്ട്രേലിയന്‍ യുവതിയുടെ കൊലപാതകം; ഇന്ത്യയിലേക്ക് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

ഓസ്ട്രേലിയന്‍ യുവതിയുടെ കൊലപാതകം; ഇന്ത്യയിലേക്ക് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഓസ്ട്രേലിയൻ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു
Updated on
1 min read

ഓസ്‌ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജ്‌വീന്ദർ സിങ് അറസ്റ്റില്‍. 24 വയസുളള ടോയ കോർഡിങ്ലിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് രക്ഷപെട്ട പഞ്ചാബ് സ്വദേശി രാജ്‌വീന്ദറിനെ ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നിസ്‌ഫെയിലിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന പ്രതി, കൊലപാതകത്തിനുശേഷം ഭാര്യയേയും മൂന്ന് കുട്ടികളേയും ഉപേക്ഷിച്ചാണ് രാജ്യം വിട്ടത്.

ടോയ കോർഡിംഗ്‌ലി
ടോയ കോർഡിംഗ്‌ലി

2021 മാർച്ചിൽ ഓസ്‌ട്രേലിയൻ സർക്കാർ സിങ്ങിനെ കൈമാറാൻ ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു. നവംബർ മൂന്നിന് പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ക്വീൻസ്‍ലാൻഡ് പോലീസാണ് ഇന്ത്യക്കാരനായ നേഴ്സിനെ പിടികൂടുന്നവർക്ക് ഒരു മില്യൺ ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 5.31 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഹൈ കമ്മീഷണർ ബാരി ഒ ഫാരെല്‍ ഇക്കാര്യം അറിയിച്ച്, ഒരു മാസം ആകുന്നതിന് മുൻപാണ് ഡൽഹി പോലീസിന്റെ വലയിൽ പ്രതി കുടുങ്ങിയത്. നേരത്തെ, പ്രതിയുടെ ചിത്രവും പുറത്തുവിട്ടിരുന്നു. പാരിതോഷികം പ്രഖ്യാപിച്ചതിന് ശേഷമാണ് ഓസ്‌ട്രേലിയയുടെ അപേക്ഷ ഇന്ത്യ അംഗീകരിച്ചത്.

2018 ഒക്ടോബറിൽ കെയ്‌ൻസിൽ നിന്ന് 40 കിലോമീറ്റർ വടക്കുള്ള വാംഗെട്ടി ബീച്ചിൽ വളർത്തുനായയുമായി നടക്കാനിറങ്ങിയപ്പോഴാണ് ഇരുപത്തിനാലുകാരിയായ ടോയ കോർഡിങ്ലി കൊല്ലപ്പെട്ടത്. ടോയ കൊല്ലപ്പെട്ടതിന് പിറ്റേദിവസം, ഒക്ടോബർ 22ന് രാജ്‌വീന്ദർ കെയിൻസ് വിട്ടുവെന്നും 23ന് സിഡ്നിയിൽ നിന്നും ഇന്ത്യയിലേക്ക് കടന്നുകളഞ്ഞെന്നും ക്വീൻസ്‌ലാൻഡ് പോലീസ് സ്ഥിരീകരിച്ചിരുന്നു.

ഓസ്ട്രേലിയയുടെ അപേക്ഷ സ്വീകരിച്ച ശേഷം കേസ് അന്വേഷണത്തിന് ഇന്ത്യയിൽ ഒരു സംഘത്തെ നിയോഗിച്ചിരുന്നു. ഹിന്ദിയും പഞ്ചാബിയും സംസാരിക്കുന്ന ക്വീൻസ്‍ലാൻഡ് പോലീസ് ഉദ്യോഗസ്ഥരെയാണ് അന്വേഷണ ചുമതല ഏൽപ്പിച്ചിരുന്നത്. പ്രതിയെക്കുറിച്ചുളള വിവരങ്ങൾ കൈമാറാനായി വാട്ട്‌സ്ആപ് സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു.

logo
The Fourth
www.thefourthnews.in